1.15 ബില്യണ്‍ ഡോളറിന്റെ കരുതല്‍ സ്വര്‍ണം വിറ്റിട്ടില്ല; വാര്‍ത്തകള്‍ തള്ളി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: കരുതല്‍ ധനം കൈമാറിയതിന് പിന്നാലെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.ഐയുടെ 1.15 ബില്യണ്‍ ഡോളറിന്റെ കരുതല്‍ സ്വര്‍ണവും വിറ്റുവെന്ന വാര്‍ത്തകള്‍ തള്ളി റിസര്‍വ് ബാങ്ക്. സ്വര്‍ണം വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ആര്‍.ബി.ഐ. ട്വീറ്റ് ചെയ്തു.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ആര്‍ബിഐ കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണം വിറ്റു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.ഐയുടെ 1.15 ബില്യണ്‍ ഡോളറിന്റെ കരുതല്‍ സ്വര്‍ണം വിറ്റു എന്നായിരുന്നു റിപ്പോര്‍ട്ട്. ജൂലൈ ആദ്യം 5.1 ബില്യണ്‍ ഡോളര്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിയത്.

ആര്‍.ബി.ഐയുടെ സാമ്പത്തിക വര്‍ഷം ജൂലൈ മുതല്‍ ജൂണ്‍ വരെയാണ്. എന്നാല്‍ ഈ വര്‍ഷം ജൂലൈ-ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും സ്വര്‍ണം വിറ്റതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ സ്വര്‍ണം വില്‍ക്കാന്‍ ആര്‍.ബി.ഐ നിര്‍ബന്ധിതമാകാന്‍ കാരണം ബിമല്‍ ജലാന്‍ കമ്മറ്റി ശുപാര്‍ശ പ്രകാരം 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് കൈമാറാന്‍ തയ്യാറായതാണ് എന്നാണ് സാമ്പത്തിക വിഗ്ദ്ധരും പറഞ്ഞിരുന്നത്. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്തിന്റെ ഫോറെക്‌സ് റിസര്‍വിലുള്ളത് 26.8 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള സ്വര്‍ണമാണ്.

Top