ഇന്ത്യയില്‍ കൊറോണ പടരാത്തത് ദൈവാനുഗ്രഹം കൊണ്ട്: ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ആഗോള തലത്തില്‍ കൊറോണ വൈറസ് ഭീതി പടര്‍ത്തി നിയന്ത്രാണാധീതമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വൈറസ് ബാധ വ്യാപിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

ഇന്ത്യയില്‍ ആയിരക്കണക്കിന് പേര്‍ പൈപ്പുകളില്‍നിന്ന് കൈ ഉപയോഗിച്ച് വെള്ളം കുടിക്കുകയും അമ്പലങ്ങളിലെ പ്രസാദം കൈകളിലെടുത്ത് കഴിക്കുകയും ചെയ്യുന്നുണ്ടെന്നും എന്നാല്‍ ആര്‍ക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ബ മെഡിനിപൂര്‍ ജില്ലയിലെ എഗ്രയില്‍ ഒരു പൂജയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമാകെ കൊറോണപ്പേടിയില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. ലോകത്തെ കീഴടക്കി ചന്ദ്രനിലെത്തിയവരും ഇപ്പോള്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയപ്പെടുന്നുവെന്നും ഘോഷ് പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ആയിരങ്ങള്‍ പൂജകള്‍ക്കായി ക്ഷേത്രങ്ങളില്‍ പോകുന്നു. ആര്‍ക്കും ഒന്നും സംഭവിക്കുന്നില്ല. കാരണം അവര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്, അദ്ദേഹം പറഞ്ഞു.

നമ്മുടെ അമ്മമാരും സഹോദരിമാരും വളരെ ദൂരം സഞ്ചരിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നു. ഇതാണ് നമ്മുടെ സംസ്‌കാരം, ഈ സംസ്‌കാരം ഇന്ത്യയില്‍ എവിടെ വേണമെങ്കിലും നമുക്ക് കാണാം. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്വത്വം, ഇതിലൂടെയാണ് നാം അഭിവൃദ്ധി പ്രാപിക്കുന്നത്,അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് നൂറിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയും 4,000ത്തോളം ജീവനുകള്‍ നഷ്ടമാകുകയും ചെയ്ത സമയത്താണ് ദിലീപ് ഘോഷിന്റെ ഈ പ്രസ്താവന.

Top