Not overly worried about Brexit, says Raghuram Rajan

മുംബൈ: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഞെട്ടലുളവാക്കുന്നതാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. എന്നാല്‍ സ്ഥിതിവിശേഷത്തെ ഫലപ്രദമായി നേരിടാന്‍ ആര്‍ബിഐ സര്‍വ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രെക്‌സിറ്റ് ഫലത്തെ വിലകുറച്ചു കാണുന്നില്ല. ആര്‍ബിഐ വിപണി നിരീക്ഷിച്ചുവരികയാണ്. വിപണിയില്‍ അസാധാരണമായ എന്തു ചലനമുണ്ടായാലും ഉടനടി പ്രതികരിക്കാന്‍ സജ്ജമാണെന്നും കറന്‍സി വിപണിയില്‍ ആവശ്യമായ സമയത്ത് ഇടപെടല്‍ നടത്തുമെന്നും രഘുറാം രാജന്‍ പറഞ്ഞു.

അതേസമയം, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത്തരം വിഷയങ്ങളിലേക്കു പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തനിക്കു കഴിയില്ലെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.

Top