അനുപമ പറയുന്നത് മാത്രമല്ല ശരികൾ, അതിനപ്പുറവും ചിലതുണ്ട്, അറിയണം

നൊന്ത് പ്രസവിച്ച അമ്മയോടൊപ്പം തന്നെയാണ് ഏതൊരും കുഞ്ഞും വളരേണ്ടത്. അക്കാര്യത്തില്‍ ആര്‍ക്കും തന്നെ തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല. ദത്തെടുപ്പ് സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്ത കുടുംബകോടതി ഉത്തരവ് തല്‍ക്കാലം അനുപമക്ക് അനുകൂലമാണ്. അനുപമയും അജിത്തും ഏറ്റവും അധികം കടന്നാക്രമിച്ച സര്‍ക്കാര്‍ തന്നെ കോടതിയില്‍ അനുപമക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് ഈ ഉത്തരവും ഉണ്ടായിരിക്കുന്നത്. ഈ കേസില്‍ വിശദമായ വാദം നവംബര്‍ ഒന്നിനാണ് കോടതി ഇനി കേള്‍ക്കുക. ദത്തെടുത്ത അദ്ധ്യാപക ദമ്പതികളുടെ നിലപാടും അന്നറിയാന്‍ കഴിയും.

ഈ ഒരവസരത്തില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി തുറന്നു പറയാതിരിക്കാനാവില്ല. മാധ്യമങ്ങളെല്ലാം ഏകപക്ഷീയമായാണ് അനുപമയുടെ മാതാപിതാക്കളെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു വില്ലന്‍ പരിവേഷമാണ് ഈ യുവതിയുടെ പിതാവിന് അവരെല്ലാം ചേര്‍ന്നു ചാര്‍ത്തി കൊടുത്തിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് അനുപമ ഏറ്റവും ശക്തമായി ആവശ്യപ്പെടുന്നതും സി.പി.എം പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നതാണ്. അത്രയ്ക്കും പക അനുപമക്ക് മാതാപിതാക്കളോടുണ്ട് എന്നത് വ്യക്തം. ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വം എന്ത് നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടാലും ചില കാര്യങ്ങള്‍ ഇവിടെ പറയാതിരിക്കാന്‍ വയ്യ.

സി.പി.എം മുന്‍ സംസ്ഥാന കമ്മറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളാണ് അനുപമ. അനുപമയുടെ പിതാവ് എസ്.ജയചന്ദ്രന്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും അമ്മ ബ്രാഞ്ച് കമ്മറ്റി അംഗവുമാണ്. ഈ കമ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്ന അനുപമ എസ്.എഫ്.ഐ ഏരിയാ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാധാരണ കുടുംബങ്ങളില്‍ നിന്നും വ്യത്യസ്തമായി അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഈ പിതാവും മകളും കഴിഞ്ഞിരുന്നത്. എല്ലാതരത്തിലുമുള്ള ഫ്രീഡവും അനുപമക്ക് ജയചന്ദ്രന്‍ നല്‍കിയിരുന്നു. അതു കൊണ്ട് കൂടിയാണ് സംഘടനാ രംഗത്ത് അനുപമക്കും സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നത്. ഈ കുടുംബത്തില്‍ യഥാര്‍ത്ഥത്തില്‍ ‘വില്ലനായി ‘ കടന്നു വന്നിരിക്കുന്നത്, അജിത്താണ്. അത് ബോധ്യമായതു കൊണ്ടാണ് ഡി.വൈ.എഫ്.ഐയില്‍ നിന്നും ഇയാളെ സംഘടന പുറത്താക്കിയിരിക്കുന്നത്.

വിവാഹിതനായ അജിത്ത് അനുപമയുമായി അതിരുവിട്ട അടുപ്പമുണ്ടാക്കിയതും ഗര്‍ഭിണിയാക്കിയതും തെറ്റു തന്നെയാണ്. ഏത് ആക്ടീവിസ്റ്റുകള്‍ ഇതിനെ ന്യായീകരിച്ചാലും അത് അംഗീകരിച്ച് കൊടുക്കാന്‍ സാധ്യമല്ല. അതുപോലെ തന്നെ ഭാര്യയുമായി കഴിയുന്ന അജിത്തിനെ അതിര്‍വരമ്പുകള്‍ക്കപ്പുറം നിര്‍ത്തുന്നതില്‍ അനുപമയും വലിയ വീഴ്ച വരുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ഏത് സ്ത്രീക്കും ആരെ വേണമെങ്കിലും സ്‌നേഹിക്കാം വിവാഹവും കഴിക്കാം. ഭരണഘടന നല്‍കുന്ന മൗലികാവകാശമാണത്. എന്നാല്‍ മറ്റൊരു സ്ത്രീയുടെ കുടുംബ ജീവിതം തകര്‍ത്ത് ഒരു ജീവിതം ആഗ്രഹിക്കുന്നത് ഒരിക്കലും നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. അജിത്തിന്റെ ഭാര്യയായിരുന്ന നസീമ സമ്മര്‍ദ്ദം കൊണ്ടാണ് താന്‍ വിവാഹമോചനത്തിന് തയ്യാറായതെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ഒഴിഞ്ഞതിനു ശേഷമാണ് അനുപമ അജിത്തിനൊപ്പം താമസം ആരംഭിച്ച് കുട്ടിക്കു വേണ്ടിയുള്ള പോരാട്ടം തുടങ്ങിയിരിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടുമ്പോള്‍ സ്ത്രീ വിരുദ്ധത ആരോപിക്കാനാണ് ഉദ്ദേശമെങ്കില്‍ അത് അംഗീകരിച്ചു തരാന്‍ കഴിയുകയില്ല. അനുപമയുടെ കുട്ടി ഏത് സാഹചര്യത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടാലും ആ കുട്ടി തിരികെ അനുപമയുടെ കയ്യില്‍ എത്തണമെന്ന് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. അതോടൊപ്പം പൊതു സമൂഹത്തിന്റെ അറിവിലേക്കായി ചില കാര്യങ്ങള്‍ കൂടി ഇവിടെ വ്യക്തമാക്കുകയാണ്. അതും നാം വിലയിരുത്തേണ്ടതുണ്ട്.

അനുപമയുടെ പിതാവ് ജയചന്ദ്രന്‍ 2019 ല്‍ ഒരു അപകടത്തില്‍പ്പെട്ട വ്യക്തിയാണ്. ഇതേതുടര്‍ന്ന് അദ്ദേഹത്തിന് ആയുര്‍വേദ ട്രീറ്റ് മെന്റും വേണ്ടി വന്നിരുന്നു. ഇതിനിടെ ഹാര്‍ട്ടില്‍ ബ്ലോക്കും കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് സി.പി.എം നേതൃത്വം കൂടി ഇടപെട്ടാണ് എറണാകുളത്ത് അടിയന്തര ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയമാക്കിയിരുന്നത്. ജീവനും മരണത്തിനും ഇടയില്‍ ആശുപത്രിയില്‍ ജയചന്ദ്രന്‍ കിടക്കുന്ന ഈ ഘട്ടത്തിലാണ് അജിത്ത് അനുപമയുമായി കൂടുതല്‍ അടുത്തതെന്നാണ് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മകള്‍ക്ക് അജിത്തിനോടുള്ള അടുപ്പം തിരിച്ചറിയാന്‍ വൈകി പോയെന്ന് ഇപ്പോള്‍ ജയചന്ദ്രനും സമ്മതിക്കുന്നുണ്ട്. അനുപമക്ക് അത്യാവശ്യം വണ്ണം ഉള്ളതിനാല്‍ ഗര്‍ഭിണിയാണെന്ന് വയറു നോക്കി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

കുഞ്ഞിനെ അനുപമയില്‍ നിന്നും എടുത്തുമാറ്റി ദത്ത് നല്‍കിയത് കുടുംബത്തിന്റെ മാനം രക്ഷിക്കാനാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമുള്ള നിലപാടില്‍ ജയചന്ദ്രന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സമ്മതപത്രത്തില്‍ ഒപ്പു വയ്ക്കുന്നതും, തംബ് ഇംപ്രഷന്‍ എടുക്കുന്നതും ബലമായാട്ടായിരുന്നു എങ്കില്‍ വിദഗ്ദ പരിശോധനയിലൂടെ അത് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. ഈ പരിശോധന നടത്തണമെന്ന് തന്നെയാണ് ജയചന്ദ്രനും അഭിഭാഷകനും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞിനെ ദത്ത് കൊടുത്ത ശേഷം നടന്ന അനുപമയുടെ ചേച്ചിയുടെ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷ ചടങ്ങില്‍ അനുപമ ഡാന്‍സ് കളിച്ചത്, ”സമ്മര്‍ദ്ദം കൊണ്ടാണോ” എന്നതാണ് കുടുംബത്തിന്റെ ചോദ്യം. 2021 ഫിബ്രുവരിയിലാണ് അനുപമയുടെ സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നത്. അനുപമക്ക് കുഞ്ഞ് ജനിച്ചതാകട്ടെ 2020 ഒക്ടോബര്‍ 19നാണ്. 22 ന് കുഞ്ഞിനെ ദത്ത് നല്‍കുകയും ചെയ്തു. ഈ സംഭവം അനുപമ വിഷയമാക്കിയത് 2021 ഏപ്രില്‍ 19നാണ്. ഇതിനിടെ അജിത്ത് നസിയയില്‍ നിന്നും വിവാഹമോചനവും നേടിയിരുന്നു. ഇപ്പോള്‍ കുഞ്ഞിനായി ഒരുമിച്ചാണ് ഇവര്‍ നിയമ പോരാട്ടം നടത്തി വരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി അനുപമയെ പിന്തുണക്കുമ്പോഴും അവളുടെ പിതാവ് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് അവര്‍ക്കും മറുപടി ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

‘നിങ്ങള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ടെന്നും ഇതില്‍ ഇളയകുട്ടി ‘ഒരാളുമായി പ്രണയത്തിലാണെന്നും സങ്കല്‍പ്പിക്കുക. കരുതലും സ്‌നേഹവുമുള്ള ഒരച്ഛന്‍ തീര്‍ച്ചയായും മകള്‍ പ്രണയിക്കുന്ന ആളുടെ പശ്ചാത്തല വിവരങ്ങള്‍ അന്വേഷിക്കും. അത് സ്വാഭാവികമാണ്. മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ എല്ലാ അച്ഛന്‍മാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുക. അതു തന്നെയാണ് താനും ചെയ്തതെന്നാണ്’ ജയചന്ദ്രന്‍ പറയുന്നത്.

‘ഡിഗ്രി അവസാന വര്‍ഷ വേളയിലാണ് മകള്‍ അജിത്തുമായി പ്രണയത്തിലാകുന്നത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്ന കാര്യവും അദ്ദേഹം എടുത്തു പറയുന്നുണ്ട്. അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ജയചന്ദ്രന്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞിരുന്നത്. അജിത്ത് വിവാഹിതനായിരുന്നു എന്നു മാത്രമല്ല അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം കൂടി തകര്‍ത്താണ് അജിത്ത് ബന്ധം സ്ഥാപിച്ചിരുന്നത്. ഇതിനുശേഷമാണ് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചിരുന്നതെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. ഇങ്ങനെയുളള ഒരാളുമായി ബന്ധം വേണ്ട എന്ന് താന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നാണ് ഈ പിതാവിന്റെ ചോദ്യം. തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അനുപമ തയ്യാറായില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് അനുപമ ഗര്‍ഭിണിയാണെന്ന വിവരം പോലും ജയചന്ദ്രന്‍ അറിഞ്ഞിരുന്നത്. ‘അനുപമ എട്ടുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത് അവളെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇപ്പറയുന്ന അജിത്തും അന്ന് എവിടെയായിരുന്നു എന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കില്‍ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം തന്നെ നടക്കില്ലായിരുന്നു. തന്റെ മുന്നില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതില്‍ ഏല്‍പ്പിച്ചിരുന്നത്. ഇതാകട്ടെ പ്രസവത്തിന് മുമ്പേ തന്നെ കുടുംബം എടുത്ത തീരുമാനവുമാണ്. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമയും ഇത് ആഗ്രഹിച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 22ന് രാത്രിയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയിരുന്നത്. പിന്നീട് 2021 ഏപ്രിലിലാണ് അനുപമ കുട്ടിയെ ആവശ്യപ്പെട്ട് തന്റെ അടുക്കല്‍ എത്തിയത്. കുഞ്ഞിനെ തിരികേ വേണമെങ്കില്‍ ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് താന്‍ മകളോട് പറഞ്ഞതെന്നും ജയചന്ദ്രന്‍ പറയുന്നു. ഇതിനുശേഷമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യം ആ പിതാവ് അറിഞ്ഞിരുന്നത്. ആ സമയത്ത് അജിത്തും നസിയയും വിവാഹ മോചനവും തേടിയിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നല്‍കാനുള്ള അനുപമയുടെ തീരുമാനത്തെ താന്‍ പിന്തുണച്ചിരുന്നതായും കുഞ്ഞിനെ തിരികെ വാങ്ങുന്നതിനെ ഒരിക്കലും എതിര്‍ത്തിട്ടില്ലന്നും ജയചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘കുട്ടിയെ തിരികെ വേണമെങ്കില്‍, അത് തടയാന്‍ ഞാന്‍ ആരുമല്ല. ഇത് നിയമപരമായ പ്രശ്‌നമാണ്. ഇതില്‍ എനിക്ക് പങ്കില്ല. വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ലന്നും ജയചന്ദ്രന്‍ പറയുന്നു. ”അനുപമ ഇപ്പോഴും തന്റെ മകള്‍ തന്നെയാണ്. ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ നിങ്ങള്‍ അനുഭവിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്കിത് മനസിലാകൂ’ എന്നുകൂടി പറഞ്ഞു കൊണ്ടാണ് ജയചന്ദ്രന്‍ മാധ്യമങ്ങളോടുള്ള പ്രതികരണം അവസാനിപ്പിച്ചിരിക്കുന്നത്.

ഈ പ്രതികരണം മലയാളിയുടെ മനസാക്ഷിക്കു നേരെ ഉയര്‍ത്തുന്നത് വലിയ ചോദ്യങ്ങളാണ്. ‘സ്വാതന്ത്ര്യം’ എന്നത് അത് ആണായാലും പെണ്ണായാലും എന്തും പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സാകരുത്. അനുപമയുടെ പിതാവ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ആരെങ്കിലും കൂട്ട് നിന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടി അനിവാര്യമാണ്. അതേ സമയം അദ്ദേഹം പറയുന്ന വാദങ്ങളില്‍ ചില ശരികളുമുണ്ട്. അതും നാം കാണാതെ പോകരുത്.

വളര്‍ത്തി വലുതാക്കിയ രണ്ടു പെണ്‍മക്കളുടെ ഭാവി മാത്രമാണ് ഇവിടെ ഈ പിതാവ് ആഗ്രഹിച്ചിരിക്കുന്നത്. അതിനു അദ്ദേഹം തിരഞ്ഞെടുത്ത മാര്‍ഗ്ഗങ്ങളില്‍ തെറ്റു സംഭവിച്ചിട്ടുണ്ടാകാം. പക്ഷേ, ലക്ഷ്യം ഇവിടെ വ്യക്തമാണ്. ഒരിക്കലും നികൃഷ്ട ജീവികളായി ചിത്രീകരിച്ച് വേട്ടയാടപ്പെടേണ്ടവരല്ല അനുപമയുടെ മാതാപിതാക്കള്‍. മാധ്യമങ്ങള്‍ക്ക് അത് ബോധ്യപ്പെട്ടില്ലങ്കിലും സാംസ്‌കാരിക കേരളത്തിന് അതും ബോധ്യമാകും. ഇതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ പ്രതികരണങ്ങളെ സംഘടിത ‘അറ്റാക്കായി’ ചിത്രീകരിക്കുന്നവര്‍ മലയാളിയുടെ ചിന്താ ശേഷിയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. അതും, പറയാതെ വയ്യ ….

EXPRESS KERALA VIEW

Top