തൃശൂര്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍. പാര്‍ട്ടിമാറ്റം ആശയപരമല്ല, വിലപേശലാണെന്ന് പറഞ്ഞു. പത്മജയ്‌ക്കൊപ്പം ഒരാളും പോകില്ല. സുരേഷ് ഗോപിക്കിത് ദോഷമായി മാറാനാണ് സാധ്യതയെന്നും തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഇന്നലെയാണ് കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി പത്മജ ബിജെപിയില്‍ ചേര്‍ന്നത്.തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പാര്‍ട്ടിമാറ്റവും കാലു മാറ്റവും ആശയപരമല്ലെന്നും ലാഭകരമായ വിലപേശലാണ്. താനതില്‍ ഖിന്നനാണ്. പത്മജയുടെ പോക്ക് സര്‍പ്രൈസായിരുന്നു. പത്മജയ്‌ക്കൊപ്പം ഒരാളും പോവില്ല. കോണ്‍ഗ്രസിനത് ഗുണമായി വരും. പത്മജയെ വിശ്വസിച്ച സാധാരണ പ്രവര്‍ത്തകര്‍ ചേച്ചിയിത് ചെയ്തല്ലോ എന്ന് വാശിയോടെ ചിന്തിക്കാം. തെരഞ്ഞെടുപ്പ് കാലത്തെ ഈ കണ്‍ഫ്യൂഷന്‍ മൂന്നാലു ദിവസത്തിനപ്പുറം നില്‍ക്കില്ല. പ്രലോഭിച്ച് റാഞ്ചിയെടുക്കുന്നത് ജനാധിപത്യ രീതിയല്ല. സുരേഷ് ഗോപിക്കിത് ദോഷമാകാനും സാധ്യതയുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ശശി തരൂര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ചാലക്കുടിയില്‍ ബെന്നി ബഹനാന്‍, പാലക്കാട് വികെ ശ്രീകണ്ഠന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവന്‍, കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നീ സിറ്റിംഗ് എംപിമാര്‍ വീണ്ടും മത്സരിക്കും. പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തില്‍ ചിന്തയാണ് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥത്തിന് കാരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ് കെ മുരളീധരനെ തൃശ്ശൂരിലേക്ക് നിര്‍ദ്ദേശിച്ചത്. ടി എന്‍ പ്രതാപന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും.
പത്മജ വേണുഗോപാല്‍ പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നില്‍ നിര്‍ത്തി കരുണാകരന്റെ തട്ടകത്തില്‍ പരിഹരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന തൃശ്ശൂര്‍ മണ്ഡലത്തില്‍, നേരിട്ടുള്ള മത്സരത്തിന് മുരളീധരനെത്തും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം, തൃശ്ശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോണ്‍ഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുരളി ഒഴിയുന്ന വടകരയില്‍ കെ കെ ശൈലജയെ നേരിടാന്‍ ഷാഫി പറമ്പിലിനെ ഇറക്കും. സാമുദായിക പരിഗണ കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയെ വടകരയില്‍ മത്സരിപ്പിക്കുന്നത്. ടി സിദ്ദിഖിന്റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തുടരും. കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കും. ഈഴവ -മുസ്ലിം പ്രാധാന്യം ഉറപ്പായതോടെ ആലപ്പുഴയില്‍ കെ സി വേണുഗോപാലെത്തും. സംഘടനാ ചുമതലയുള്ളതാണ് കെസിയുടെ കാര്യത്തില്‍ അവസാനഘട്ടം വരെ പാര്‍ട്ടിയെ കുഴച്ചത്. എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം കേസി മത്സരിക്കട്ടെ എന്നായി. ബാക്കി സിറ്റിംഗ് എംപിമാര്‍ എല്ലാവരും തുടരും.അതേസമയം, കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂര്‍ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി പട്ടിക. വടകരയില്‍ ഷാഫി പറമ്പിലും ആലപ്പുഴയില്‍ കെസി വേണുഗോപാലും സ്ഥാനാര്‍ത്ഥികളാകും. കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും.