അമ്പെയറുടെ നിര്‍ദേശം അനുസരിച്ചില്ല; വെസ്റ്റിന്‍ഡീസ് താരത്തിന് പിഴ വിധിച്ച് ഐസിസി

വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡിന് പിഴ വിധിച്ച് ഐ.സി.സി. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് താരത്തിന് പിഴ വിധിച്ചിരിക്കുന്നത്. മാച്ച് ഫീയുടെ 20 ശതമാനമാണ് താരത്തിന് പിഴയായി ഇട്ടത്. പിഴക്ക് പുറമെ ഒരു ഡി മെറിറ്റ് പോയിന്റും പൊള്ളാര്‍ഡിന് ലഭിക്കും.

അന്താരാഷ്ട്ര മത്സരങ്ങളില്‍ അമ്പെയര്‍മാരുടെ തീരുമാനം അനുസരിക്കാതിരിക്കുന്നതിന് ലഭിക്കാവുന്ന പിഴയാണ് താരത്തിന് ലഭിച്ചത്. പകരക്കാരനായി ഇറങ്ങുന്നതിന് മുന്‍പ് അമ്പെയറോട് താരം അനുവാദം ചോദിച്ചു, ഓവര്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. എന്നാല്‍ അമ്പെയറുടെ തീരുമാനം വകവെക്കാതെ താരം ഓവര്‍ അവസാനിക്കുന്നതിനു മുന്‍പ് ഇറങ്ങിയതാണ് പൊളാര്‍ഡിന് തിരിച്ചടിയായത്.

എന്നാല്‍ താരം കുറ്റം നിഷേധിച്ചെങ്കിലും ഐ.സി.സി മാച്ച് റഫറിമാരുടെ പാനല്‍ താരത്തിന്റെ വാദം കേട്ടതിന് ശേഷം താരത്തെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് നടക്കും.

Top