Not My President’ Anti-Trump Protests Continue Across US

വാഷിംങ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് യുഎസ് ജനത തെരുവകളിലിറങ്ങി. ട്രംപ് മനുഷ്യാവകാശമൂല്യങ്ങള്‍ക്കും നിയമവ്യവസ്ഥയ്ക്കും ഭീഷണിയാണെന്നാരോപിച്ചാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

ന്യൂയോര്‍ക്കിലും ചിക്കാഗോയിലും ലോസാഞ്ചല്‍സിലും ദിവസം മുഴുവന്‍ നീണ്ടുനിന്ന ട്രംപ് വിരുദ്ധ റാലികളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. വരും ദിവസങ്ങളില്‍ നടക്കുന്ന പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു ലക്ഷത്തിലേറെ പേരാണ് ഫേസ്ബുക്ക് ഇവന്റില്‍ താത്പര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ഒറിഗണിലെ പോര്‍ട്ട്‌ലന്‍ഡില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ് നടത്തിയതിന് പിന്നാലെയാണ് കൂടുതല്‍ നഗരങ്ങളിലേക്ക് ട്രംപ് വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്നത്.

ഇതിനിടെ തിരഞ്ഞെടുക്കപ്പെട്ട ഇലക്ടറല്‍ കോളേജ് അംഗങ്ങളോട് ട്രംപിനെ തിരസ്‌കരിച്ച് ഹില്ലരിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന നിവേദനത്തില്‍ 32 ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ടു. ഡിസംബര്‍ 19ന് നടക്കുന്ന ഇലക്ടറല്‍ കോളേജ് അംഗങ്ങളുടെ കണ്‍വന്‍ഷനിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക.

സംസ്ഥാനങ്ങളുടെ വോട്ടിംഗ് ഫലത്തിനനുസരിച്ചാണ് അംഗങ്ങള്‍ വോട്ട് ചെയ്യുക എന്നതിനാല്‍ സാധാരണഗതിയില്‍ ട്രംപ് തന്നെയാണ് പ്രസിഡന്റായി വരേണ്ടത്. എന്നാല്‍ ഇലക്ടറല്‍ കോളേജ് അംഗങ്ങളുടെ വോട്ടിനെ സംബന്ധിച്ച് പൊതുവായൊരു ചട്ടം അമേരിക്കയിലെ സംസ്ഥാനങ്ങള്‍ക്കില്ല. വിജയിച്ച സ്ഥാനാര്‍ഥിയുടെ അംഗങ്ങള്‍ തന്നെ മറിച്ച് വോട്ടു ചെയ്ത സംഭവം മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

അതേസമയം തന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദി എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍) മേധാവി ജെയിംസ് കോമിയാണെന്ന് കുറ്റപ്പെടുത്തി ഹില്ലരി ക്ലിന്റണ്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പിലെ നിര്‍ണായകഘട്ടത്തില്‍ ഇമെയില്‍ വിവാദം എഫ്ബിഐ കുത്തിപ്പൊക്കിയതോടെയാണ് തനിക്ക് വിജയം നഷ്ടമായതെന്നാണ് ഹില്ലരിയുടെ നിരീക്ഷണം.

Top