പണത്തിന് കുറവില്ല; തീരുമാനങ്ങളെടുക്കാന്‍ മോദി സര്‍ക്കാരിന് ധൈര്യമില്ല: ഗഡ്കരി

സ്വന്തം സര്‍ക്കാരിനെതിരെ ചില വിഷയങ്ങളില്‍ ഭിന്നസ്വരം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് കേന്ദ്ര ഇന്‍ഫ്രാസ്ട്രക്ചര്‍, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. മോദി സര്‍ക്കാര്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് വീണ്ടും സര്‍ക്കാര്‍ നിലപാടുകളെ ഗഡ്കരി ചോദ്യം ചെയ്യുന്നത്. സര്‍ക്കാരിന് പണത്തിന്റെ യാതൊരു കുറവുമില്ലെന്നും ധൈര്യപൂര്‍വ്വം തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള കഴിവാണ് ഇല്ലാത്തതെന്നാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

‘കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 17 ലക്ഷം കോടിയാണ് വിവിധ പ്രവൃത്തികള്‍ക്കായി ഞാന്‍ അനുവദിച്ചത്. ഈ വര്‍ഷം 5 ലക്ഷം കോടി നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സര്‍ക്കാരിന് ഫണ്ടിന് യാതൊരു കുറവുമില്ല. എന്നാല്‍ കാര്യങ്ങള്‍ നടപ്പാക്കാനും, തീരുമാനങ്ങള്‍ കൈക്കൊള്ളാനുമുള്ള മനോഭാവവും, താല്‍പര്യവും കുറവാണ്’, നാഗ്പൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ഒരു ചിരിയോടെ ഗഡ്കരി കുറ്റപ്പെടുത്തി.

‘നെഗറ്റീവ് നിലപാടുകളും, തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ധൈര്യക്കുറവും പ്രധാന തിരിച്ചടിയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎഎസ് ഓഫീസര്‍മാരുടെയും, സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെയും പങ്കിനെ കുറിച്ചും ഗഡ്കരി സംസാരിച്ചു. പല തീരുമാനങ്ങള്‍ കൈക്കൊള്ളാനും ഉദ്യോഗസ്ഥര്‍ യോഗം ചേരും. ഒരു ഐഎഎസ് ഓഫീസര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയുകയാണ് വേണ്ടത്. തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യണം, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തങ്ങള്‍ക്ക് മികവുള്ള മേഖലകളിലാണ് ആളുകള്‍ ജോലി ചെയ്യേണ്ടതെന്ന് നാഗ്പൂരില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ നിതിന്‍ ഗഡ്കരി വ്യക്തമാക്കി. യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കൂടി കളിച്ചാണ് മന്ത്രി ഇവിടെ നിന്നും മടങ്ങിയത്.

Top