ഇനിയൊരവസരം പാർട്ടിയിലും കിട്ടാൻ സാധ്യതയില്ല ! അങ്കലാപ്പിൽ നേതാക്കൾ

തെരഞ്ഞെടുപ്പില്‍ നെഞ്ചിടിപ്പ് ഏറുന്നത്, പ്രധാനമായും പ്രതിപക്ഷ നേതാക്കള്‍ക്കാണ്. അതില്‍, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാത്രമല്ല, ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും ഉള്‍പ്പെടും. ഭരണം ലഭിച്ചില്ലെങ്കില്‍, ‘കേരളം വീണ്ടും ചരിത്രം ആവര്‍ത്തിച്ചു’ എന്ന ഒറ്റ മറുപടിയില്‍, ഇടതുപക്ഷത്തിന് വിശദീകരണം നല്‍കാന്‍ പറ്റും. ഭരണ തുടര്‍ച്ച ഉണ്ടായാല്‍ ‘കേരളം ചരിത്രം തിരുത്തി’ എന്നും ഇടതുപക്ഷത്തിന് അവകാശപ്പെടാന്‍ കഴിയും. എന്നാല്‍, പ്രതിപക്ഷത്തിന്റെ അവസ്ഥ അതല്ല. തിരിച്ചടി നേരിട്ടാല്‍, അവരുടെ നിലനില്‍പ്പു തന്നെയാണ് ചോദ്യം ചെയ്യപ്പെടുക. ഭരണം ലഭിച്ചില്ലെങ്കില്‍  ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ അപ്രസക്തരാകും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടപെട്ട, കെ.സി വേണുഗോപാലിന്റെ സ്ഥിതിയും പരുങ്ങലിലാകും. ഫലത്തില്‍  ഒരു പിളര്‍പ്പിന്റെ അവസ്ഥയാണ്, അത്തരമൊരു സാഹചര്യത്തില്‍, കോണ്‍ഗ്രസ്സിനു നേരിടേണ്ടി വരിക. ഭരണം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍, അത് മുസ്ലീം ലീഗിലും, വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിക്കുക.

തുടര്‍ച്ചയായി 10 വര്‍ഷം പ്രതിപക്ഷത്തിരിക്കാനുള്ള ക്ഷമയൊന്നും, യു.ഡി.എഫ് നേതാക്കള്‍ക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, ഇത്തവണ ഭരണം ലഭിച്ചില്ലെങ്കില്‍, അടുത്ത തവണ ബി.ജെ.പി മുന്നണിയും ഇടതുപക്ഷവും, നേരിട്ടാകും മത്സരമെന്ന ഭീതിയും യു.ഡി.എഫ് നേതാക്കള്‍ക്കുണ്ട്. അവരെ ഏറെ ഭയപ്പെടുത്തുന്നതും ഇതു തന്നെയാണ്. അതേസമയം, ബി.ജെ.പിയിലെ അവസ്ഥയും നിലവില്‍ സങ്കീര്‍ണ്ണമാണ്. യു.ഡി.എഫിനു ഭരണം ലഭിച്ചാല്‍, ഇനിയും ഏറെക്കാലം മൂന്നാം സ്ഥാനത്ത് തുടരേണ്ടി വരുമെന്ന തിരിച്ചറിവിലാണ്  സംസ്ഥാന നേതൃത്വമുള്ളത്. ഇത്തവണ മുഴുവന്‍ വോട്ടും സമാഹരിക്കണമെന്ന നിര്‍ദ്ദേശമാണ്, ആര്‍.എസ്.എസും ബി.ജെ.പി നേതൃത്വത്തിനു നല്‍കിയിരിക്കുന്നത്. ചുരുങ്ങിയത് 5 സീറ്റുകളിലാണ് ബി.ജെ.പി വിജയം സ്വപ്നം കാണുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന, സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന് ഇത്തവണയും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നാല്‍, ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും തെറിക്കും. കഴക്കൂട്ടത്ത് നിന്നും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ശോഭ സുരേന്ദ്രനും പാര്‍ട്ടിയില്‍ ഒറ്റപ്പെടും. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു തരിച്ചടി നേരിട്ടാല്‍, പ്രതിപക്ഷ ഘടനയില്‍ തന്നെയാണ് മാറ്റം വരാന്‍ പോകുന്നത്. പുതിയ പ്രതിപക്ഷ നിരയും അതോടെ രൂപപ്പെടും.

പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍, അത് ഇടതുപക്ഷത്തിന് ഗുണം ചെയ്യാനാണ് സാധ്യത. ഭരണവിരുദ്ധ വികാരം ഇല്ലന്ന് ഇടതുപക്ഷം ആവര്‍ത്തിക്കുമ്പോള്‍, സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ആക്രമിക്കാനാണ്, അവസാന നിമിഷവും യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയും, ശബരിമല വിഷയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പു കൂടിയാണിത്. ന്യൂനപക്ഷ വോട്ടുകള്‍ ഏത് വിഭാഗത്തില്‍ കേന്ദ്രീകരിക്കപ്പെടുമെന്നത്, വടക്കന്‍ ജില്ലകളിലെയും മധ്യകേരളത്തിലെയും ജനവിധിയെ സ്വാധീനിക്കും. ശബരിമല വിഷയത്തിന്റെ ഇഫക്ടും, ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകും. വിവാദ വിഷയങ്ങളിലാണ്, പ്രതിപക്ഷത്തിന്റെ സകല പ്രതീക്ഷകളും. ഇടതുപക്ഷത്തിന്റെ പ്രതീക്ഷയാകട്ടെ, സര്‍ക്കാറിന്റെ നേട്ടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ജനക്ഷേമ പദ്ധതികളും, വികസനവും, വോട്ടായി മാറുമെന്നാണ്, സി.പി.എം നേതൃത്വം പ്രതീക്ഷിക്കുന്നത്.

Top