ഓസ്ട്രേലിയൻ പരമ്പരയിൽ ഉൾപ്പെടുത്തിയില്ല; വിരമിക്കാൻ റൗഫിനെ പലരും നിര്‍ബന്ധിച്ചതായി റിപ്പോർട്ട്

ഇസ്ലാമബാദ്: ഡിസംബര്‍-ജനുവരി മാസങ്ങളിലായി നടന്ന ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ പാകിസ്താന്‍ പേസര്‍ ഹാരിസ് റൗഫിനോട് പലരും നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബവുമാണ് റൗഫിനോട് ക്രിക്കറ്റ് മതിയാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താരം ഇതിനോട് വിയോജിക്കുകയായിരുന്നു.

2022 ഡിസംബറില്‍ ഇം?ഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ റൗഫ് 13 ഓവര്‍ മാത്രമാണ് എറിഞ്ഞത്. 30കാരനായ താരത്തിന് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് അമിത ജോലിഭാരം കൊണ്ടാണെന്ന് വിലയിരുത്തുന്നു. പാകിസ്താന് വേണ്ടി 37 ഏകദിനവും 64 ട്വന്റി 20യും ഒരു ടെസ്റ്റും കളിച്ച താരമാണ് ഹാരിസ് റൗഫ്.

ചീഫ് സെലക്ടര്‍ വഹാബ് റിയാസ്, ടീം ഡയറക്ടര്‍ മുഹമ്മദ് ഹഫീസ് എന്നിവര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് റൗഫിനെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയത്. ടെസ്റ്റ് മത്സരങ്ങളില്‍ റൗഫിനെ ടീമിലെടുക്കുമെന്ന് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മത്സരങ്ങളെ തുടര്‍ന്ന് ടീമിന് പുറത്ത് നില്‍ക്കാനായിരുന്നു റൗഫിന് താല്‍പ്പര്യം. ഇക്കാര്യം ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിനിടെ മുന്‍ സിലക്ടര്‍ മിക്കി ആര്‍തറെ അറിയിച്ചു. എന്നാല്‍ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ കളിക്കണമെന്നാണ് റൗഫിനോട് ആര്‍തര്‍ പറഞ്ഞത്.

Top