കുതിരകള്‍ ലായത്തില്‍ ഒറ്റക്കെട്ട്, പിന്നെന്ത് കുതിരക്കച്ചവടം; ഗവര്‍ണര്‍ സുപ്രീംകോടതിയില്‍

ദേവേന്ദ്ര ഫഡ്‌നാവിസിന് 170 എംഎല്‍എമാരുടെ പിന്തുണ അറിയിച്ച് കത്തുകള്‍ ലഭിച്ചതില്‍ വിശദമായ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ ഓഫീസ് സുപ്രീംകോടതിയെ അറിയിച്ചു. ഇരുഭാഗങ്ങളുടെയും വാദങ്ങള്‍ ഒരു മണിക്കൂറോളം കേട്ട സുപ്രീംകോടതി വിധി നാളത്തേക്ക് മാറ്റിവെച്ചു.

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നേരിടണമെന്നാണ് ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. ഫഡ്‌നാവിസ് സര്‍ക്കാരിന് പിന്തുണ അറിയിച്ച കത്ത് രാജ് ഭവന് അജിത് പവാര്‍ കൈമാറിയെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിനെ അദ്ദേഹം അറിയിച്ചു.

എന്‍സിപിയിലെ 54 എംഎല്‍എമാരുടെ ഒപ്പ് ഈ കത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യം ഗവര്‍ണര്‍ക്ക് ഇല്ലെന്നും മേത്ത ചൂണ്ടിക്കാണിച്ചു. ‘ഇത് കുതിരക്കച്ചവടം നടക്കുന്ന വിഷയമല്ല, മറിച്ച് ലായത്തിലെ കുതിരകളെല്ലാം മറുഭാഗത്തേക്ക് പോകുന്ന കാഴ്ചയാണ്’, മേത്ത പറഞ്ഞു. രാജ്ഭവന് പിന്തുണ നല്‍കിയാണ് ഫഡ്‌നാവിസിന് വേണ്ടി ഹാജരായ മുകുള്‍ റോഹത്ത്ഗിയും സ്വീകരിച്ചത്.

‘170 എംഎല്‍എമാരുടെ പിന്തുണയുള്ള ഏറ്റവും വലിയ പാര്‍ട്ടിയെ ഗവര്‍ണര്‍ തെരഞ്ഞെടുത്തു. എംഎല്‍എമാരുടെ ഒപ്പ് വ്യാജമാണെന്ന് അവകാശവാദമില്ല’, റോഹത്ത്ഗി പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള തീയതിയുടെ കാര്യത്തില്‍ സുപ്രീംകോടതി ഗവര്‍ണറെ മറികടക്കേണ്ടെന്ന നിലപാടിന് അടിവരയിട്ടാണ് റോഹത്ത്ഗി ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിക്ക് പിന്തുണ നല്‍കിയ ശേഷം എന്‍സിപി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കിയിരുന്നു. മൂന്നില്‍ രണ്ട് എംഎല്‍എമാരില്‍ കുറവ് അംഗങ്ങളാണ് അജിത് പവാറിനെ പിന്തുണയ്ക്കുന്നതെങ്കില്‍ കൂറുമാറ്റ നിരോധന നിയമം നേരിടേണ്ടി വരും.

Top