ഒരിക്കലും മറക്കില്ല, പൊറുക്കുകയുമില്ല; 26/11ല്‍ സ്മൃതി ഇറാനിയുടെ ശക്തമായ കുറിപ്പ്

Smriti Irani

‘ഒരിക്കലും മറക്കില്ല, ഒരിക്കലും പൊറുക്കാനും കഴിയില്ല’. മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ശക്തമായ സന്ദേശം കുറിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന്റെ സ്മരണ ദിനത്തില്‍ ഇരകളായവുടെ ചിത്രം പങ്കുവെച്ചാണ് സ്മൃതി ഈ കുറിപ്പ് പങ്കുവെച്ചത്.

കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ക്ക് ഒപ്പം ചേര്‍ന്ന് ട്വിറ്റര്‍ ലോകവും ഒപ്പം ചേര്‍ന്നു. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് മുന്നില്‍ ആദരവ് അര്‍പ്പിച്ച ജനങ്ങള്‍ ജീവത്യാഗം ചെയ്തവര്‍ക്ക് സല്യൂട്ട് നേര്‍ന്നു. ‘അതെ നമുക്ക് മറക്കാനും പൊറുക്കാനും കഴിയില്ല. നമ്മളെ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച ഹീറോസിന് സല്യൂട്ട്. അവരുടെ ത്യാഗങ്ങളില്‍ രാജ്യം എന്നും നന്ദിയര്‍പ്പിക്കും’, ഒരു ഉപയോക്താവ് മറുപടിയില്‍ കുറിച്ചു.

2008ല്‍ രാജ്യത്തെ ഞെട്ടിച്ച് മുംബൈയില്‍ അതിക്രമിച്ച് കടന്ന പാക് ഭീകരര്‍ നവംബര്‍ 26ന് തുടങ്ങിയ അക്രമണങ്ങള്‍ നാല് ദിവസം മുന്നോട്ട് കൊണ്ടുപോയി. പാകിസ്ഥാനില്‍ നിന്നെത്തിയ 10 ഭീകരരാണ് രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്ത് ഒരേ സമയം അഞ്ച് പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്‌ഫോടനങ്ങളും, കണ്ണില്‍ കാണുന്നവരെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തത്.

ഒബെറോയിട്രിഡന്റ് ഹോട്ടല്‍, താജ് മഹല്‍ പാലസ്, ടവര്‍ ഹോട്ടല്‍, നരിമാന്‍ പോയിന്റിലെ ജൂത കേന്ദ്രമായ ചാബദ് ഹൗസ്, ലിയോപോള്‍ഡ് കഫെ, ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വെ സ്റ്റേഷന്‍, കാമാ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഭീകരര്‍ കടന്നത്. റെയില്‍വെ സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞത്. ഒന്‍പത് ഭീകരര്‍ അക്രമണങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു. ജീവനോടെ പിടികൂടിയ അജ്മല്‍ കസബിനെ 2012 നവംബറില്‍ തൂക്കിക്കൊന്നു.

Top