പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആദ്യത്തേതല്ല; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കര്‍ നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആദ്യത്തേതല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഇത്തരത്തിലുളള പരാമര്‍ശം അഭൂതപൂര്‍വമാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനയച്ച കത്തിലാണ് മമത ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

‘തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകളും ആശയവിനിമയവും ഇന്ത്യന്‍ ഭരണഘടനാ, രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. ഇത് നിങ്ങളുടെ ഭാഗത്തുനിന്ന് ആദ്യമായി ഉണ്ടാകുന്ന പ്രകോപനമല്ല ‘ കത്തില്‍ മമതാ ബാനര്‍ജി പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒളിച്ചുവെച്ചെന്ന ആരോപണം ഉയര്‍ത്തി ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് മമത കത്തയച്ചത്.

കോവിഡ് സംബന്ധിച്ച് യഥാര്‍ത്ഥ കണക്കുകള്‍ മമത സര്‍ക്കാര്‍ പുറത്തുവിടണമെന്നാണ് ഗവര്‍ണ്ണര്‍ ട്വീറ്റ് ചെയ്തിരുന്നത്. ”കോവിഡ് -19 കണക്കുകള്‍ മറച്ചു വെക്കാനുള്ള തന്ത്രങ്ങള്‍ മമത ഉപേക്ഷിക്കുക” എന്നിട്ടത് സുതാര്യമായി പങ്കിടുക’ എന്ന് മമതയെ ടാഗ് ചെയ്തു കൊണ്ടാണ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിരുന്നത്.

Top