‘എല്ലാ സിനിമയും ആരാധകര്‍ക്കുവേണ്ടി എടുക്കാനാവില്ല’; മോഹന്‍ലാല്‍

ല്ലാ സിനിമയും ആരാധകരെ മുന്നില്‍ക്കണ്ട് എടുക്കാനാവില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരുന്നുവെങ്കില്‍ മരക്കാറിന് ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ ലഭിക്കുമായിരുന്നില്ല. സിനിമയുടെ ഫൈനല്‍ കോപ്പി ആയതിനു ശേഷം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് ചെയ്യാനാവാതെയിരുന്ന മാസങ്ങളില്‍ ചിത്രത്തിന്റെ ഒരു ക്ലിപ്പ് പോലും ലീക്ക് ആയില്ല. ഇന്നത്തെക്കാലത്ത് വലിയ വെല്ലുവിളിയാണ് അത്. ലീക്ക് ആവുമെന്നത് ഭയന്നാണ് പല അന്തര്‍ദേശീയ ഫെസ്റ്റിവലുകളിലേക്കും ചിത്രം അയക്കാതിരുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മരക്കാറിന് ലഭിക്കുന്ന വ്യത്യസ്ത പ്രതികരണങ്ങള്‍ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്.

‘ആളുകളുടെ പ്രതീക്ഷകളെ നമുക്ക് ഒരിക്കലും അളക്കാനാവില്ല. ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രമാണ് മരക്കാര്‍. അതൊരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരുന്നുവെങ്കില്‍ അവാര്‍ഡുകള്‍ ലഭിക്കുമായിരുന്നില്ല. ഇവിടെ ചിത്രത്തിന്റെ മേക്കിംഗ്, തിരക്കഥ, അഥ് പകരുന്ന വൈകാരികത ഒക്കെയാണ് ശ്രദ്ധിക്കേണ്ടത്. നമ്മള്‍ ഒരു കഥ പറയുകയാണ്. ചിത്രം ആസ്വദിച്ചെന്ന് ഒരുപാടുപേര്‍ പറഞ്ഞു. ആരാധകരും അത് മനസിലാക്കണം. എല്ലാ ചിത്രങ്ങളും നമുക്ക് ആരാധകര്‍ക്കായി ഒരുക്കാനാവില്ല. സമ്മര്‍സോള്‍ട്ടോ വില്ലന്മാരെ അടിച്ചുപറത്തലോ ഒന്നും മരക്കാരെക്കൊണ്ട് ചെയ്യിക്കാനാവില്ല. അങ്ങിനെയെങ്കില്‍ ആ കഥാപാത്രസ്വഭാവം മാറും. അത്തരം സംഘട്ടനരംഗങ്ങള്‍ മറ്റു സിനിമകളില്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ പ്രതീക്ഷ എന്നത് സിനിമയുടെ സ്വഭാവത്തെ ആസ്പദമാക്കിയാവണം. ആരാധകരെ സംബന്ധിച്ച് എല്ലാ സിനിമയും ഒരു പ്രത്യേക രീതിയില്‍ വേണമെന്നാണ്. അതിനെ മറികടക്കേണ്ട ബാധ്യത നമ്മുടേതാണ്. ഒരു ചെറിയ ഗ്രൂപ്പിനെ മുന്നില്‍ക്കണ്ടു മാത്രം സിനിമയെടുക്കുന്നത് നിലവില്‍ ബുദ്ധിമുട്ടാണ്’, മോഹന്‍ലാല്‍ പറയുന്നു.

ഒരു സിനിമയെക്കുറിച്ച് ആര്‍ക്കും എന്തും പറയാവുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും സിനിമകളെ ഡീഗ്രേഡ് ചെയ്യാനുള്ള പ്രവണത നിലനില്‍ക്കുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു ‘ഒരു സിനിമയുടെ പിറകില്‍ ഒരുപാട് അധ്വാനമുണ്ട്. മുന്‍പ് നിരൂപകരാണ് സിനിമകളെ വിലയിരുത്തിയിരുന്നത്. ഇന്നിപ്പോള്‍ ആര്‍ക്കും എന്തും പറയാവുന്ന നിലയാണ്. ചിത്രങ്ങളെ ഡീഗ്രേഡ് ചെയ്യാനും ശ്രമങ്ങള്‍ നടക്കുന്നു. ചലച്ചിത്ര വ്യവസായത്തിനെതിരായ കുറ്റകൃത്യമാണ് അത്. ഇത് ചെയ്യുന്നവര്‍ക്ക് യാതൊന്നും ഇതില്‍നിന്ന് ലഭിക്കുന്നില്ല. ഒരു സ്‌ക്രീനിന് പിറകിലിരുന്ന് ഒരാള്‍ ഒരു കമന്റ് ഇടുമ്പോള്‍, അത് ഒരു വ്യവസായത്തെയും അതിനെ ഉപജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെയുമാണ് ദോഷകരമായി ബാധിക്കുന്നത്. ഞാന്‍ പറയുന്നത് മരക്കാരെക്കുറിച്ച് മാത്രമല്ല. ഒരുപാട് ചിത്രങ്ങള്‍ക്കെതിരെ ഇതുണ്ടായത് ഞാന്‍ കണ്ടിട്ടുണ്ട്. സൃഷ്ടിപരമായ വിമര്‍ശനത്തെ ഞങ്ങളും സ്വീകരിക്കുന്നു. പകരം ചലച്ചിത്രകലയുടെ ക്രാഫ്റ്റിനെക്കുറിച്ചോ, നിരൂപണത്തെക്കുറിച്ചോ ഒന്നുമറിയാത്ത ഒരാള്‍ മനസില്‍ തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞാല്‍ അത് തെറ്റാണ്. പുതുതലമുറയില്‍ ഈ പ്രവണത കൂടുതലാണ്’, മോഹന്‍ലാല്‍ പറഞ്ഞുനിര്‍ത്തുന്നു.

Top