ജനകീയ വിഷയങ്ങളില്‍ നേതാക്കള്‍ നേരിട്ട് ഇടപെടണം; സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്ന് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. നേതാക്കളുടെ പ്രതികരണം സാമൂഹ്യമാധ്യമങ്ങളിലൂടെ മാത്രം പോരെന്നും ജനകീയ
വിഷയങ്ങളില്‍ നേതാക്കള്‍ നേരിട്ട് ഇടപെടണമെന്നും സോണിയ പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് സോണിയ കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.

പാര്‍ട്ടി ഏറെ മെച്ചപ്പെടാനുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിചെല്ലേണ്ടത് ഇപ്പോള്‍ നമ്മെ സംബന്ധിച്ച് പ്രധാനമാണെന്നും അവര്‍ നേതാക്കളെ ഓര്‍മ്മിപ്പിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥതി വളരെ മോശമായ അവസ്ഥയിലാണ്. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ജനാധിപത്യവും അപകടത്തിലാണ്. ഏറ്റവും അപകടകരമായ രീതിയിലാണ് ജനാധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.

മഹാത്മാഗാന്ധി,പട്ടേല്‍, അംബേദ്കര്‍ എന്നിവരുടെ സന്ദേശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. ഒരു അജണ്ടയുടെ ഭാഗമായിട്ടാണ് ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ പ്രതിനിധികരിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Top