ബലാത്സംഗക്കേസില്‍ ആരോപണവിധേയരുടെ പേര് വിവരം പുറത്ത് വിടരുത്, പുതിയ ശുപാര്‍ശ

ഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ ആരോപണവിധേയരായവരുടെ പേരു വിവരം കുറ്റക്കാരാണെന്നു തെളിയുംവരെ പുറത്തുവിടരുതെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ. കള്ളക്കേസുകളില്‍ കുരുക്കുന്നതില്‍ നിന്നു സംരക്ഷണം ലഭിക്കുന്നതിനു വേണ്ടിയാണിത്. കുറ്റാരോപിതര്‍ പിന്നീട് നിരപരാധികളാണെന്നു തെളിഞ്ഞാലും അപ്പോഴേക്കും അവരുടെ ജീവിതം മാറിമറിഞ്ഞിട്ടുണ്ടാകും.

ഡല്‍ഹിയില്‍ 70 പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ അടക്കമുള്ളവരുമായി അഭിമുഖം നടത്തിയശേഷമാണു റിപ്പോര്‍ട്ട് തയാറാക്കിയത്.പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളില്‍ 40 ശതമാനം പേരും പ്രേമബന്ധം പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തില്‍ കലാശിച്ചതായി മൊഴിനല്‍കി. പിന്നീട് ബലാത്സംഗക്കേസുകളായി ഇതുമാറിയെന്നാണു പരാതി.

ബലാത്സംഗത്തിന് ഇരയാകുന്നവരുടെ പേരുവിവരം വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍നിന്ന് പ്രതികള്‍ക്കും സംരക്ഷണം നല്‍കേണ്ടത് അനിവാര്യമാണെന്ന് മനുഷ്യാവകാശ കമ്മിഷനും സെന്റര്‍ ഫോര്‍ വിമന്‍സ് ഡെവലപ്മെന്റ് സ്റ്റഡീസും നടത്തിയ പഠനം ശുപാര്‍ശ ചെയ്തു.

Top