ക്രിക്കറ്റ് ഭരണത്തോടുള്ള താല്‍പര്യം പ്രകടമാക്കി അരുണ്‍ ജയ്റ്റ്‌ലിയുടെ മകന്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഭരണത്തോടുള്ള താല്‍പര്യം പ്രകടമാക്കി അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ മകന്‍ രോഹന്‍ ജയ്റ്റ്‌ലി. ദീര്‍ഘകാലം ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന പിതാവിന്റെ പാത പിന്‍പറ്റി, ഡിഡിസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള താല്‍പര്യമാണ് ഇപ്പോള്‍ രോഹന്‍ പരസ്യമാക്കിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ഭരണത്തോടുള്ള താല്‍പര്യം രോഹന്‍ വ്യക്തമാക്കിയത്.

ബിസിസിഐ സെക്രട്ടറി സ്ഥാനത്തുള്ള ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കു പിന്നാലെയാണ് മറ്റൊരു ബിജെപി നേതാവിന്റെ മകനും ക്രിക്കറ്റ് ഭരണത്തിലേക്ക് കാലെടുത്തു വയ്ക്കാന്‍ ഒരുങ്ങുന്നത്.

‘ഡിഡിസിഎയില്‍നിന്ന് എന്നെ വന്നു കണ്ട് വ്യത്യസ്തങ്ങളായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് അവരില്‍ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം തീര്‍ച്ചയായും പരിഗണിക്കുമെന്നാണ് ഞാന്‍ അവരെ അറിയിച്ചത്. തല്‍ക്കാലം തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിക്കട്ടെ. അസോസിയേഷന്റെ ക്ഷേമം മാത്രമാണ് എന്റെ ലക്ഷ്യം. പഴയ സുവര്‍ണ ദിനങ്ങളിലേക്ക് ഡല്‍ഹി ക്രിക്കറ്റ് മടങ്ങിയെത്തണം. തക്കസമയത്ത് ഇക്കാര്യത്തില്‍ (മത്സരിക്കുന്ന) ഞാന്‍ ഉചിതമായ തീരുമാനമെടുക്കും. എന്തായാലും മത്സരിക്കുന്നതിനോട് വിമുഖതയില്ല’ രോഹന്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.

അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന ക്രിക്കറ്റ് അസോസിയേഷനെന്ന നിലയില്‍ കുപ്രസിദ്ധമാണ് ഡിഡിസിഎ. അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അഭിഭാഷകന്‍ കൂടിയായ രോഹന്‍ സമ്മതം മൂളിയതായി ഡിഡിസിഎയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒട്ടേറെപ്പേര്‍ അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രോഹന്റെ പ്രതികരണം.

‘ഡിഡിസിഎയുടെ ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കുമ്പോള്‍ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന, എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരാള്‍ പ്രസിഡന്റ് സ്ഥാനത്തു വരണം. രോഹന്‍ ജയ്റ്റ്‌ലി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ വന്നാല്‍ തിരഞ്ഞെടുപ്പ് പോരാട്ടം മറ്റ് അഞ്ച് പോസ്റ്റുകളിലേക്ക് ഒതുങ്ങും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡിഡിസിഎയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ രോഹന്‍ തന്നെയാണ്’ കഴിഞ്ഞ ദിവസം ഡിഡിസിഎ സെക്രട്ടറി വിനോദ് തിഹാര വ്യക്തമാക്കിയിരുന്നു.

Top