Not-allowed-new-private-colleges-says-state-government

തിരുവനന്തപുരം: പണമുള്ളവന് മാത്രം വിദ്യാഭ്യാസം പ്രാപ്തമാക്കുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് കൂച്ച് വിലങ്ങിട്ട് പിണറായി സര്‍ക്കാര്‍.

മേലില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥാണ്.

വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും ജാതി-മത സംഘടനകള്‍ക്കുമുള്ള കനത്ത പ്രഹരമാണ് സര്‍ക്കാരിന്റെ ഈ നിലപാട്.

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദം സര്‍ക്കാരിന് തലവേദനയാവുകയും സ്വാശ്രയ മാനേജ്‌മെന്റുകള്‍ നിയമങ്ങളെല്ലാം അട്ടിമറിച്ച് പ്രവേശനം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

മെഡിക്കല്‍ മേഖലയടക്കം സ്വാശ്രയ മേഖലക്ക് പൂര്‍ണ്ണമായും റെഡ്‌സിഗ്നലാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്വാശ്രയ കോളേജുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി പ്രതീക്ഷിച്ചിരിക്കുന്നവര്‍ സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടിയിരിക്കുകയാണ്.

സാമുദായിക സംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ ഇടത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയില്ല എന്നതിനാല്‍ ഇനി എന്ത് ചെയ്യണമെന്നതാണ് ഇവര്‍ക്കിടയിലെ ആലോചന.

പലരും പുതിയ സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനായി സ്ഥലവും മറ്റും വലിയ വിലക്ക് വാങ്ങിക്കൂട്ടിയിരുന്നു.

സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ള സ്ഥാപനങ്ങളിലെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് വിദ്യാഭ്യാസ വകുപ്പ് നിലവില്‍ മുന്‍ഗണന കൊടുക്കുന്നത്.

Top