എല്ലാ ലോണുകള്‍ക്കും മൊറട്ടോറിയം നല്‍കാനാകില്ല; സത്യവാങ്മൂലം സമര്‍പ്പിച്ച് സെബി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ തരത്തിലുമുള്ള ലോണുകളും കരാര്‍ ഇടപാടുകളും മൊറട്ടോറിയത്തിനുകീഴില്‍ കൊണ്ടുവരാനാകില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇക്കാര്യം സെബി സുപ്രീംകോടതിയെ അറിയിച്ചു.

ലോണ്‍ തിരിച്ചടവിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയതില്‍ തങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് റിയല്‍ എസ്റ്റേറ്റ് കമ്പനികളും നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുകളും (എന്‍ബിഎഫ്‌സി) സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയായാണ് സെബി ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.

എന്‍ബിഎഫ്‌സികളുടെയും ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷനുകളുടെയും (എച്ച്എഫ്‌സി) ദുരിതങ്ങള്‍ വിവരിച്ച് വിഷയം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കമാണ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ അസോസിയേഷനുള്ളതെന്നും ഹര്‍ജി തള്ളിക്കളയണമെന്നും സെബി ആവശ്യപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് മേഖല മാത്രമല്ല, ഇന്ത്യയിലെ എല്ലാ വ്യവസായങ്ങളും തകര്‍ച്ച നേരിട്ടിരിക്കുകയാണ്.

എന്നാല്‍ എല്ലാത്തരം ലോണുകളും കരാര്‍ ഇടപാടുകളും മൊറട്ടോറിയത്തിനുകീഴില്‍ കൊണ്ടുവരാനാകില്ല സത്യവാങ്മൂലത്തില്‍ പറയുന്നു. ലോക്ഡൗണ്‍ സമയത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു മാത്രമാണ് വരുമാനം ലഭിച്ചുകൊണ്ടിരുന്നത്. മഹാമാരി കാരണം വൈകിപ്പോയ റിയല്‍ എസ്റ്റേറ്റ് പദ്ധതി പൂര്‍ത്തിയാക്കാനുള്ള കാലാവധി നീട്ടിക്കൊടുക്കണമെന്ന് മേയ് 13ന് ഹൗസിങ്, അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ് അയച്ചിരുന്നു. ഇതുമൂലം ആദ്യം ആറു മാസവും പിന്നീടൊരു മൂന്നു മാസവും പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലാവധി നീട്ടിയിട്ടുണ്ട്.

Top