എല്ലാവർക്കും ജോലി നൽകാൻ കഴിയില്ല, പകരം സ്വയം തൊഴിൽ കണ്ടെത്തുക ; അമിത് ഷാ

amith sha

ന്യൂഡൽഹി : ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ ജോലി നൽകുക എന്നത് പ്രായോഗികമല്ലെന്നും, പരിഹാരമായി ഇന്ത്യക്കാർ സ്വയം തൊഴിൽ കണ്ടെത്തണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

ഗുജറാത്തില്‍ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

സ്വയം തൊഴിൽ കണ്ടത്തുന്നതിനാണ് മുദ്രാ സ്‌കീം വഴി ജനങ്ങള്‍ക്ക് സഹായങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഡ് അപ് ഇന്ത്യ, സ്റ്റാര്‍ട്ട്അപ് ഇന്ത്യ സ്‌കീമുകളെക്കുറിച്ചും അമിത് ഷാ സൂചിപ്പിച്ചു.

ജിഎസ്ടി, നോട്ട്പിന്‍വലിക്കല്‍ എന്നിവ ജനങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നൽകിയെങ്കിലും അതൊക്കെ ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറും. രാജ്യപുരോഗതി ലക്ഷ്യമിട്ടും ജനനന്മ കരുതിയും കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണിവയെന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ജനങ്ങളുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയാണ് ലക്ഷ്യമെന്നും , ഗുജറാത്തിനെ ജാതിപരമായി വേര്‍തിരിക്കുകയാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ചെയ്യുന്നതെന്നും അത്തരം രാഷ്ട്രീയം ഗുജറാത്ത് ഇനി അനുവദിക്കില്ലായെന്നും അമിത് ഷാ വ്യക്തമാക്കി.

ഗുജറാത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിനൊരു നേതാവുണ്ടോ എന്നും അമിത് ഷാ വെല്ലുവിളിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇനിയും പ്രഖ്യാപിക്കാനാകാത്തത് ആളില്ലാത്തതുകൊണ്ടല്ലേ എന്നും അമിത് ഷാ ചോദിച്ചു.

കോണ്‍ഗ്രസ് ഭരണകാലത്തെ അപേക്ഷിച്ച് ഗുജറാത്ത് ഇപ്പോള്‍ മൂന്നിരട്ടി പുരോഗതി കൈവരിച്ചെന്നും അമിത് ഷാ അവകാശപ്പെട്ടു

Top