ആരെയും ഭയപ്പെടുന്നില്ല; മുരളീധരന് തെറ്റിയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ പ്രതിഷേധ സമരം നിര്‍ത്തി വെച്ച കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച കെ മുരളീധരന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. സമരം അവസാനിപ്പിച്ചതില്‍ തെറ്റില്ല, സംസ്ഥാനത്തിന്റെ പൊതുതാത്പര്യം മാനിച്ചായിരുന്നു തീരുമാനം. ആരെയും ഭയപ്പെടുന്നില്ല. അങ്ങിനെ കരുതുന്നവര്‍ക്ക് തെറ്റി. സംഘടനാപരമായ വിവാദങ്ങള്‍ക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

എംപിമാര്‍ നിഴല്‍ യുദ്ധം നടത്തരുത്. സംയമനവും അച്ചടക്കവും പാലിക്കണം. അപസ്വരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ബാധിക്കില്ല. മുരളീധരന്‍ കണ്‍വീനറാകാന്‍ താത്പര്യം പ്രകടിപ്പിച്ചതായി അറിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രചരണ സമിതിയുടെ പ്രസക്തി കഴിഞ്ഞു. കൂട്ടായ ചര്‍ച്ചയില്ലെന്ന മുരളീധരന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ തുടരെയുള്ള ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് സമരം നിര്‍ത്താനുള്ള തീരുമാനം സ്വീകരിച്ചത്.

അതിന് രാഷ്ട്രീയകാര്യ സമിതി ചേരുന്നത് പ്രായോഗികമല്ല. ഗ്രൂപ്പിനതീതമായ സഹകരണം പാര്‍ട്ടിയില്‍ നിന്ന് കിട്ടുന്നുണ്ട്. അനുകൂല സാഹചര്യം ആരും നശിപ്പിക്കരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top