കത്വ പീഡനം : അഭിഭാഷിക ദീപിക സിങിന് താമസിക്കാന്‍ വീട് പോലും കിട്ടുന്നില്ല!

ശ്രീനഗര്‍ : കത്വ പീഡനകേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി നിയമപോരാട്ടം നടത്താന്‍ തയാറായ അഭിഭാഷക ദീപിക സിങ് രജാവത്ത് താമസിക്കാന്‍ വീട് കണ്ടെത്താന്‍ പോലും കഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. നീതി ലഭിക്കാന്‍ ഇറങ്ങിതിരിച്ച നാള്‍ മുതല്‍ പലവിധ ഭീഷണികള്‍ നേരിടേണ്ടി വന്നപ്പോഴും പതറാതെ മുന്നോട്ട് പോയെങ്കിലും സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍. കശ്മീരിലെ രാഷ്ട്രീയ സ്ഥിതികള്‍ തകിടം മറിഞ്ഞതാണ് കാരണമെന്നാണ് ദീപിക പറയുന്നത്.

കത്വ പെണ്‍കുട്ടിക്ക് വേണ്ടി വാദിച്ചതിനാല്‍ നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് അന്ന് കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തി ദീപികക്ക് ഗാന്ധിനഗറിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മുഫ്തി സര്‍ക്കാര്‍ സര്‍ക്കാര്‍ മാറി ഗവര്‍ണര്‍ ഭരണം വന്നതോട് കൂടി താമസസ്ഥലത്ത് നിന്ന് മാറേണ്ടി വന്നു.

സര്‍ക്കാര്‍ ക്വാട്ടേഴ്‌സില്‍ ഉത്തരവില്ലാതെ താമസിപ്പിക്കാന്‍ കഴിയില്ല എന്ന കാരണത്താലാണ് അവിടം വിട്ടൊഴിയേണ്ടി വരുന്നത്. വാടക വീട് അന്വേഷിച്ചിട്ടും ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് അവര്‍ പറയുന്നത്. ആറു വയസുകാരിയായ തന്റെ മകളുടെ സുരക്ഷയിലും ആശങ്കയുണ്ടെന്നാണ് അവര്‍ അറിയിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് എട്ടുവയസുകാരിയെ ജമ്മുവില്‍ കാണാതായത്. ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നു പിന്നീട് കണ്ടെത്തി. പെണ്‍കുട്ടിക്ക് വേണ്ടി വാദിക്കാന്‍ ദീപക സ്വമേധയ മുന്‍പോട്ട് വരികയായിരുന്നു.

Top