നയാ പൈസ അടച്ചില്ല’; വിജയ് മല്ല്യ കേസില്‍ നിന്നും പിന്‍വാങ്ങവെ ജസ്റ്റിസ് നരിമാന്‍

പ്രവര്‍ത്തനം നിലച്ച കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ബാങ്കുകള്‍ നല്‍കാനുള്ള പണം നാടുവിട്ട ബിസിനസ്സുകാരന്‍ വിജയ് മല്ല്യ തിരിച്ചടച്ചിട്ടില്ലെന്ന് സുപ്രീംകോടതി. ‘ഒരു നയാ പൈസ പോലും വന്നിട്ടില്ല’, എന്നാണ് സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മല്ല്യ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ അഭിപ്രായപ്പെട്ടത്.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ അഭിപ്രായം ഉന്നയിച്ചതിന് പിന്നാലെ ജസ്റ്റിസ് നരിമാന്‍ പിന്‍വാങ്ങി. ബെഞ്ച് പുനഃസംഘടിപ്പിച്ച ശേഷമാകും ചീഫ് ജസ്റ്റിസ് ഇതില്‍ കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കുക. തന്റെ സ്വത്തുവകകള്‍ പിടിച്ചെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണിലാണ് മല്ല്യ സുപ്രീംകോടതിയെ സമീപിച്ചത്.

അന്വേഷണ ഏജന്‍സികള്‍ തനിക്കെതിരെ ഫയല്‍ ചെയ്ത കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, ലോണുകള്‍ അടച്ചുതീര്‍ക്കാമെന്ന ഓഫര്‍ കേന്ദ്രം സ്വീകരിക്കാന്‍ തയ്യാറായില്ലെന്നുമാണ് മല്ല്യ വാദിക്കുന്നത്. എന്നാല്‍ മല്ല്യയും, അയാളുടെ കമ്പനികളും ലോണുകള്‍ തിരിച്ചടയ്ക്കാമെന്ന് വര്‍ഷങ്ങളായി പറയുന്നതാണെന്ന് കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥന്‍ തുഷാര്‍ മേത്ത കഴിഞ്ഞ മാസം നടന്ന ഹിയറിംഗില്‍ കോടതിയെ അറിയിച്ചിരുന്നു. പക്ഷെ ഇതുവരെ ഒരു രൂപ പോലും തിരിച്ച് അടച്ചിട്ടില്ലെന്നും മേത്ത ബോധിപ്പിച്ചു.

യുകെയിലെ കോടതിയില്‍ ബാങ്കുകള്‍ നല്‍കിയിട്ടുള്ള പാപ്പര്‍ ഹര്‍ജികള്‍ പിന്‍വലിക്കണമെന്നും വിജയ് മല്ല്യയുടെ ലീഗല്‍ ടീം ആവശ്യപ്പെടുന്നു. ഇന്ത്യന്‍ കോടതികളില്‍ ഇതേ ലോണ്‍ വിഷയത്തില്‍ ബാങ്കുകള്‍ കേസ് നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. 9000 കോടി രൂപയുടെ ലോണ്‍ വീഴ്ചവരുത്തിയാണ് മല്ല്യ 2016 മാര്‍ച്ചില്‍ ബ്രിട്ടനിലേക്ക് കടന്നത്.

Top