‘എൻഎസ്എസിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’; പ്രിയ വര്‍ഗ്ഗീസ്

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ അസിസ്റ്റന്‍റ പ്രൊഫസര്‍ നിയമനത്തില്‍ തനിക്കെതിരായ ഹൈക്കോടതി പരാമര്‍ശനത്തിന് മറുപടിയുമായി പ്രിയ വര്‍ഗ്ഗീസ്. നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ചിന്റെ പരാമര്‍ശത്തിനാണ് പ്രിയ അതേ നാണയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

നേരത്തെ പ്രിയ വര്‍ഗീസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചും ചോദ്യങ്ങള്‍ ചോദിച്ചും ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയത്തിന്റെ ഭാഗമല്ല. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല. അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും കോടതി പറഞ്ഞു.

പ്രിയാ വർഗീസിന്റെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്ക്രീനിങ് കമ്മിറ്റി യോഗ്യത വിലയിരുത്തിയതെന്ന് കണ്ണൂർ സർവകലാശാലയോടു ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു. അസോസിയേറ്റ് പ്രഫസർ നിയമനം കുട്ടിക്കളിയല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയാ വർഗീസിനെ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമിച്ചതെന്നാണ് സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ ഏറ്റവും മികച്ച ആളാകണം അധ്യാപകരാകേണ്ടതെന്നും ഏത് തലത്തിലുള്ള നിയമനമാണെങ്കിലും യോഗ്യതയിൽ വിട്ട് വീഴ്ച പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Top