ആടുജീവിതത്തിന്റെ ഡോക്യുമെന്റേഷന്‍ അല്ല; ബെന്യാമിന്‍ പറയാതെ പോയത് പറയാനാണ് ശ്രമിച്ചത്:ബ്ലെസി

‘ആടുജീവിതം’ എന്ന ബെന്യാമിന്റെ നോവല്‍ അതേപടി ചെയ്തിരിക്കുകയല്ല സിനിമയിലെന്ന് സംവിധായകന്‍ ബ്ലെസി. ആടുജീവിതം പുസ്തകത്തിന്റെ ഡോക്യുമെന്റേഷന്‍ അല്ല. ബെന്യാമിന്‍ പറയാതെ പോയ കാര്യങ്ങളെ, അദ്ദേഹം കാണാതെ പോയ മരുഭൂമികളെ കുറിച്ച് പറയാനാണ് കൂടുതല്‍ ശ്രമിച്ചിരിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി. ആടുജീവിത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയ്ക്ക് അതിന്റേതായ ഐഡന്റിറ്റിയുണ്ട്, എന്നാല്‍ പൂര്‍ണമായും ആ കഥയെ അടിസ്ഥാനമാക്കിയുള്ളതുമാണ്. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകള്‍ സഹിച്ചു. സിനിമയില്‍ നിന്ന് മുറിച്ചുമാറ്റിയ ഭാഗങ്ങള്‍ പിന്നീട് പുറത്തുവിടുന്നുണ്ട്. പൃഥ്വിരാജ് എന്ന നടന്‍ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് ആ ദൃശ്യങ്ങളില്‍ നിന്ന് അറിയാനാകുമെന്നും ബ്ലസി കൂട്ടിച്ചേര്‍ത്തു.ചിത്രത്തിലെ നായിക അമലപോള്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 10 വര്‍ഷത്തോളമെടുത്ത് എഴുതിയും ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങിനുമൊടുവിലാണ് ആടുജീവിതം മാര്‍ച്ച് 28 ന് പ്രേക്ഷകരിലേക്ക് എത്തുന്നത്. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും.

ആടുജീവിതം നോവല്‍ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ല. സാഹിത്യത്തില്‍ നിന്ന് സിനിമയിലേക്ക് മാറുമ്പോള്‍ പല രംഗങ്ങളും എനിക്ക് കാണിക്കേണ്ടി വരുന്നില്ല. ബെന്യാമിന്‍ പറയാതെ പോയ കാര്യങ്ങളെ, അദ്ദേഹം കാണാതെ പോയ മരുഭൂമികളെ കുറിച്ച് പറയാനാണ് ഞാന്‍ കൂടുതല്‍ ശ്രമിച്ചിരിക്കുന്നത്. എങ്കില്‍ മാത്രമെ അതൊരു അനുഭവമാവുകയുള്ളു. അല്ലെങ്കില്‍ ഒരു പുസ്തകത്തിന്റെ ഡോക്യുമെന്റേഷന്‍ മാത്രമായി പോകും. അതല്ല ആടുജീവിതം സിനിമ. സംവിധായകന്‍ വ്യക്തമാക്കി.നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.

Top