പ്രതിഷേധ റാലിയില്‍ പങ്കെടുത്തു; നോര്‍വീജിയന്‍ വനിതയോട് ഇന്ത്യ വിട്ടു പോകാന്‍ നിര്‍ദ്ദേശം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് ഇന്ത്യ വിട്ടു പോകാന്‍ അധികൃതരുടെ നിര്‍ദ്ദേശം. നോര്‍വീജിയന്‍ സ്വദേശിനി ജാനി മെറ്റി ജോണ്‍സണിനാണ് അധികൃതരുടെ നിര്‍ദേശം ലഭിച്ചത്.

തിങ്കളാഴ്ച ഫോര്‍ട്ട് കൊച്ചിയിലേക്ക് നടന്ന ലോങ് മാര്‍ച്ചില്‍ ജാനി മെറ്റ് ജോണ്‍സണ്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇമിഗ്രേഷന്‍ അധികൃതരില്‍നിന്ന് നാടുവിടാനുള്ള നിര്‍ദേശം ജാനിക്ക് ലഭിച്ചത്.

വീസ ചട്ടങ്ങള്‍ ലംഘിച്ചു എന്നതിന്റെ പേരിലാണു നടപടി. വിദേശരാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ഇവിടെ നടക്കുന്ന പ്രതിഷേധങ്ങളിലോ സമരങ്ങളിലോ പങ്കെടുക്കാന്‍ വിസാച്ചട്ടം അനുവദിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സമരത്തില്‍ പങ്കെടുത്ത ഇവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഫോറിനേഴ്സ് റീജിയണല്‍ റജിസ്ട്രേഷന്‍ ഓഫിസ് (എഫ്ആര്‍ആര്‍ഒ) അധികൃതര്‍ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയത്.

ജാനി താമസിക്കുന്ന സ്ഥലത്തെത്തി അധികൃതര്‍ കാര്യം ധരിപ്പിച്ചു. ഇന്നുച്ചയോടു കൂടി ജാനി നോര്‍വേയിലേക്ക് മടങ്ങും.

പ്രകടനത്തില്‍ പങ്കെടുത്തതിന്റെ അനുഭവത്തെക്കുറിച്ച് 23ന് യാന്‍ മേഥെ ജൊഹാന്‍സന്‍ ഫെയ്സ്ബുക്കില്‍ ചിത്രങ്ങള്‍ സഹിതം കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് എഫ്ആര്‍ആര്‍ഒ അന്വേഷണം ആരംഭിച്ചത്.

Top