ട്രംപിന് മറുപടി ; അമേരിക്കന്‍ പൗരന്‍മാരെ സ്വാഗതം ചെയ്ത് ഉത്തരകൊറിയ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരന്‍മാരെ തങ്ങളുടെ നാട്ടിലേക്ക് സ്വാഗതം ചെയ്ത് ഉത്തരകൊറിയ.

യു.എസ് പൗരത്വമുള്ളവര്‍ക്ക് ഉത്തര കൊറിയയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് സെപ്തംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ഉത്തരകൊറിയയുടെ പ്രതികരണം.

സദുദ്ദേശത്തോടെയാണ് തങ്ങളുടെ രാജ്യം സന്ദര്‍ശിക്കാനെത്തുന്നതെങ്കില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് സ്വാഗതമെന്നാണ് ഉത്തരകൊറിയന്‍ അധികൃതര്‍ അറിയിച്ചത്.

അതിശക്തവും സ്ഥിരതയാര്‍ന്നതുമാണ് ഉത്തരകൊറിയന്‍ ഭരണസംവിധാനം. അതുകൊണ്ട് തന്നെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകളൊന്നും വിദേശ സഞ്ചാരികള്‍ക്ക് വേണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതിനിടെ, അമേരിക്കക്കാരനായ ഓട്ടൊ വാംബിയര്‍ എന്ന വിദ്യാര്‍ത്ഥി തടവിലാക്കപ്പെട്ടിരുന്നു. പിന്നീട് മോചിതനായെങ്കിലും അബോധാവസ്ഥയില്‍ തിരിച്ചെത്തിയ ഇയാള്‍ മരണത്തിന് കീഴടങ്ങി. ഈ സാഹചര്യത്തിലാണ് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് യു.എസ് വിലക്കേര്‍പ്പെടുത്തിയത്.

Top