വടക്കൻ കൊറിയക്കെതിരെ അമേരിക്കൻ നീക്കം

വാഷിംഗ്ടൺ: വടക്കൻ കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി ജോ ബൈഡൻ. വടക്കൻ കൊറിയ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള കടുത്ത വെല്ലുവിളി. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണ് കൊറിയ നടത്തിയതെന്നും അമേരിക്കൻ പ്രസിഡന്റ് ആരോപിച്ചു. അധികാരമേറ്റ ശേഷം നടത്തിയ രണ്ടാമത്തെ ഔദ്യോഗിക വാർത്താ സമ്മേളനത്തിലാണ് വടക്കൻ കൊറിയക്കെതിരെ ബൈഡന്റെ രൂക്ഷ പരാമർശം.

വടക്കൻ കൊറിയയുടെ മിസൈൽ പരീക്ഷണത്തെ അന്താരാഷ്ട്ര തലത്തിൽ സഖ്യരാജ്യ ങ്ങളുമായി ചർച്ച ചെയ്യുമെന്നും ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു. പെസഫിക് മേഖലയിൽ ക്വാഡ് സഖ്യത്തിലൂടെ ചെറുരാജ്യങ്ങളുടെ സംരക്ഷണം പോലും അമേരിക്ക ഉറപ്പുവരുത്തുന്നതിനിടെയാണ് ചൈനയെ കൂട്ടുപിടിച്ച് വടക്കൻ കൊറിയയുടെ പ്രകോപനം.

ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ 1718 പ്രമേയം മിസൈൽ പരീക്ഷണങ്ങളെ സംബന്ധിച്ച് കൃത്യമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളെല്ലാം അത് പാലിക്കുന്നുമുണ്ട്. സ്വന്തം രാജ്യത്തിനകത്ത് തന്നെ മിസൈൽ പരീക്ഷിക്കുന്നതിന് എതിർപ്പുമില്ല. എന്നാൽ കിം ജോംഗ് ഉൻ നടത്തിയ പരീക്ഷണം അന്താരാഷ്ട്ര കപ്പൽ ചാലിലാണ്. ഒപ്പം ജപ്പാന്റെ അതിർത്തിയിലേക്കുമായിരുന്നു. പെസഫിക്കിലെ രാജ്യങ്ങളെല്ലാം വടക്കൻ കൊറിയക്കെതിരെ രംഗത്ത് വന്നപ്പോൾ ചൈന വടക്കൻ കൊറിയയ്ക്ക് ശക്തമായ പിന്തുണയാണ് നൽകിയിരിക്കുന്നത്.

 

Top