ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സിയുള്‍: ഉത്തരകൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

ഉഗ്രസ്‌ഫോടക ശേഷിയുള്ള മിസൈലാകും വിക്ഷേപിക്കുകയെന്നാണ് വിവരം. ദക്ഷിണ-കൊറിയന്‍ പ്രതിരോധമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈ (ഐസിബിഎം) ലാകും വിക്ഷേപിക്കുകയെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയും ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇതുവഴി അമേരിക്കയെ പൂര്‍ണമായും ലക്ഷ്യമിടാനുള്ള ശേഷി രാജ്യം കൈവരിച്ചുവെന്ന് ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്‍ പറഞ്ഞുവെന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജഗാംഗ് പ്രവിശ്യയില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം.

ജൂലൈ മാസം ഉത്തര കൊറിയ നടത്തിയ മൂന്നാമത്തെ മിസൈല്‍ പരീക്ഷണമായിരുന്നു വെള്ളിയാഴ്ചത്തേത്. മൂവായിരം കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിക്കുകയായിരുന്നു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടുവിചാരമില്ലാത്ത, അപകടകാരമായ പ്രവൃത്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്ന് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഉത്തരകൊറിയ കൂടുതല്‍ ഒറ്റപ്പെടുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top