വടക്കുകിഴക്കൻ പാർട്ടികൾ കേന്ദ്രസർക്കാരിന്റെ ട്രെൻഡിനൊപ്പം പോകുന്നതാണ് പതിവ്: മല്ലികാർജുൻ ഖർഗെ

ഡൽഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം ഏകദേശം തെളിയുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കേന്ദ്രസര്‍ക്കാരിന്റെ ട്രെന്‍ഡിനൊപ്പമാകും വടക്കുകിഴക്കന്‍ പാര്‍ട്ടികള്‍ പോകുക എന്നത് പതിവ് രീതിയാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ത്രിപുരയില്‍ കോണ്‍ഗ്രസ്-സിപിഐഎം സഖ്യം നിര്‍ണായക സ്വാധീനമാകുന്നുണ്ടെങ്കിലും മേഘാലയയിലും നാഗാലാന്‍ഡിലും കോണ്‍ഗ്രസ് കര്‍ന്നടിയുകയാണ്. ഈ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം.

വടക്കുകിഴക്കന്‍ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ട്രെന്‍ഡിനൊപ്പം പോകുകയെന്നത് പതിവാണ്. പക്ഷേ ഈ സംസ്ഥാനങ്ങളിലെ പല നേതാക്കളും ദേശീയ രാഷ്ട്രീയത്തോട് പ്രതിബദ്ധത ഉള്ളവരാണ്. ഈ നേതാക്കള്‍ കോണ്‍ഗ്രസിനേയും മതേതര പാര്‍ട്ടികളേയും ജനാധിപത്യത്തേയും ഭരണഘടനയേയും പിന്തുണയ്ക്കുന്നു. ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ട്രെന്‍ഡുകളാണോ സൂചിപ്പിക്കുന്നത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രതികരണം.

Top