ഉത്തര – ദക്ഷിണ കൊറിയ ഉന്നതതലയോഗം: ഈ മാസം 16ന് പാന്‍മുന്‍ജോമില്‍

സോള്‍: ആണവനിരായുധീകരണം ചര്‍ച്ച ചെയ്യുന്നതിനായി ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മില്‍ ഉന്നതതല യോഗം നടത്താന്‍ തീരുമാനിച്ചു. ഈ മാസം 16ന് യോഗം ചേരുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.

ഏപ്രില്‍ 27 ന് ഇരുകൊറിയകളും നടത്തിയ ഉച്ചകോടിയില്‍, ഏഴു ദശകമായി നിലനിന്നിരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയായിരുന്നു. കൂടാതെ പൂര്‍ണ ആണവനിരായുധീകരണത്തിനും തീരുമാനിച്ചു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കാണ് തീരുമാനമെടുത്തിരിക്കുന്നത്.

പാന്‍മുന്‍ജോമിലെ സമാധാന വീട്ടില്‍ തന്നെയായിരിക്കും ചര്‍ച്ച നടത്തുക. ഏപ്രിലില്‍ ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണകൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും നടത്തിയ ഉച്ചകോടിയിലാണു കൊറിയന്‍ ഉപദ്വീപിലെ അണ്വായുധ നിരായുധീകരണ നടപടികള്‍ക്കു തീരുമാനിച്ചത്.

ഇരുരാജ്യങ്ങള്‍ക്കും വ്യാവസായികമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കെയ്‌സോങ്ങില്‍ സംയുക്ത ഓഫിസ് തുടങ്ങാനും ഉച്ചകോടിയില്‍ തീരുമാനമായിരുന്നു.

Top