വൈറസിനെ പ്രതിരോധിക്കാന്‍ ഒന്നിച്ച് നില്‍ക്കാം; കിം ജോങ് ഉന്നിന് ട്രംപിന്റെ കത്ത്

സോള്‍: ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കത്ത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതിനുതകുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ട്രംപ് കത്തയച്ചുവെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങാണ് വെളിപ്പെടുത്തിയത്.

ഉത്തരകൊറിയയുടെ ആയുധനിര്‍മാണവും പരീക്ഷണവും നിര്‍ത്തണമെന്ന യുഎസിന്റെ ആവശ്യം അംഗീകരിക്കാന്‍ ഉന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇരുരാഷ്ട്രത്തലവന്മാര്‍ക്കിടയിലെ ബന്ധം അത്ര സുഖകരമല്ലെന്നും കിം യോ ജോങ് പറഞ്ഞു.

അതേസമയം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഉത്തരകൊറിയ നടത്തുന്ന ശ്രമങ്ങളെ ട്രംപ് കത്തിലൂടെ പ്രശംസിച്ചതായും കിം യോ ജോങ് അറിയിച്ചു. കൂടാതെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഉത്തരകൊറിയയുമായി സഹകരണത്തോടെ പ്രവര്‍ത്തിക്കാമെന്ന് ട്രംപ് അറിയിച്ചതായും കിം യോ ജോങ് വ്യക്തമാക്കി.

യുഎസ് പ്രസിഡന്റിന്റെ കത്ത് ലഭിച്ച കാര്യം ഭരണതലത്തിലെ ഉന്നത ഉദ്യോഗസ്ഥനും ശരി വെച്ചിട്ടുണ്ട്.

Top