നയതന്ത്രം അനിവാര്യം; യുഎസിനെ തരിപ്പണമാക്കാന്‍ ആണവ മിസൈല്‍ നിര്‍മ്മാണത്തില്‍ ഉത്തരകൊറിയ

Trump and kim

വാഷിങ്ടന്‍: യുഎസിനെ തരിപ്പണമാക്കാന്‍ ശേഷിയുള്ള ആണവ മിസൈല്‍ നിര്‍മ്മിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ. യുഎസിനെ ആക്രമിക്കാന്‍ സാധിക്കുന്ന മിസൈല്‍ ഉത്തരകൊറിയ ഉടന്‍ നിര്‍മ്മിക്കുമെന്നും, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അത് പൂര്‍ത്തിയാകും എന്നും സിഐഎ തലവന്‍ മൈക് പോമ്പിയോ ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കിം ജോങ് ഉന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സിഐഎ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പോമ്പിയോ പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആണവായുധങ്ങളുമായി യുഎസിനെ ലക്ഷ്യമിടാന്‍ കഴിയുന്ന മിസൈല്‍ നിര്‍മ്മിക്കാന്‍ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന് സിഐഎ അംഗങ്ങളുടെ ചര്‍ച്ചകളില്‍ അഭിപ്രായം ഉയരാറുണ്ടെന്നും പോമ്പിയോ പറഞ്ഞു. ഇത്തരം വെല്ലുവിളികളെ നയതന്ത്ര തലത്തിനു പുറത്ത് കൈകാര്യം ചെയ്യാന്‍ സഹായകമായ പലവിധ മാര്‍ഗങ്ങള്‍ പ്രസിഡന്റിന് കൈമാറുകയാണ് തന്റെ ഏജന്‍സിയുടെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരകൊറിയയ്‌ക്കെതിരെ ബലപ്രയോഗത്തിന് മുതിരുന്നതും അവരെ സൈനികമായി ആക്രമിക്കുന്നതും ആ മേഖലയില്‍ വന്‍തോതിലുള്ള ജീവഹാനിക്ക് കാരണമാകുമെന്നും പോമ്പിയോ അഭിപ്രായപ്പെട്ടു. യുഎസിന്റെ സുപ്രധാന സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയയും ഈ മേഖലയിലാണുള്ളത്. ഇത്തരം ഘടകങ്ങള്‍കൂടി പരിഗണിച്ചു മാത്രമേ ഉത്തരകൊറിയയ്‌ക്കെതിരെ എന്തു തീരുമാനവും കൈക്കൊള്ളാനാകൂ. മേല്‍പ്പറഞ്ഞ വെല്ലുവിളികള്‍ ഇല്ലായിരുന്നെങ്കില്‍ കിം ജോങ് ഉന്നിന്റെ ഭീഷണി വേരോടെ പിഴുതെറിയാന്‍ യുഎസിനു മുന്നില്‍ പല മാര്‍ഗങ്ങളുമുണ്ടായിരുന്നെന്നും പോമ്പിയോ വ്യക്തമാക്കി.

കടുത്ത ഭാഷയില്‍ പ്രതികരിച്ച് ഉത്തരകൊറിയയുടെ വായടപ്പിക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രീതിയെയും പോമ്പിയോ പ്രശംസിച്ചു. ട്വിറ്ററിലൂടെ പ്രസിഡന്റ് നടത്തുന്ന കടുത്ത ഭാഷാപ്രയോഗം തീര്‍ച്ചയായും ഉത്തരകൊറിയയ്ക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയ്‌ക്കെതിരെ സംസാരിക്കുമ്പോള്‍ പ്രസിഡന്റിന്റെ ഭാഷാ രീതി നോക്കൂ. അതു ശ്രദ്ധിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഉത്തരകൊറിയ വിഷയത്തില്‍ യുഎസിന്റെ നിലപാടെന്താണ് എന്ന് ഇതിലൂടെ കിം ജോങ് ഉന്നിന് വ്യക്തമായി മനസ്സിലാകുമെന്നും പോമ്പിയോ കൂട്ടിച്ചേര്‍ത്തു.

Top