ഹിമപാതം നീങ്ങി വെയില്‍ ; കിം ജോങിന് പ്രകൃതിയെ നിയന്ത്രിക്കാനാകുമെന്ന് ഉത്തര കൊറിയ

പ്യോങ്യാങ്: ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാണ് താനെന്ന് അനുദിനം തെളിയിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉൻ.

ഇപ്പോൾ പുതിയൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര കൊറിയ.

ഏകാധിപതിയായ കിം ജോങ് ഉന്നിന് പ്രകൃതിയെ നിയത്രിക്കാനുള്ള കഴിവുണ്ടെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്.

ചൈന- ഉത്തരകൊറിയ അതിര്‍ത്തിയിലെ സജീവ അഗ്നിപര്‍വ്വതം കഴിഞ്ഞ വാരാന്ത്യം കിം ജോങ് ഉൻ സന്ദർശിച്ചിരുന്നു.

അഗ്നി പർവ്വതത്തിനു മുകളില്‍ നിന്നു കൊണ്ട് ചിരിക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രത്തിനടിയിലാണ് പ്രകൃതിയെ നിയന്ത്രിക്കാൻ കഴിവുള്ളയാളാണെന്ന രീതിയിൽ അദ്ദേഹത്തെ വാനോളം പുകഴ്ത്തിയുള്ള അടിക്കുറിപ്പ് സ്റ്റേറ്റ് മീഡിയ നല്‍കിയത്.

gettyimages-888602114

‘പ്രകൃതിയെപ്പോലും നിയന്ത്രിക്കാന്‍ കഴിവുള്ള അതുല്യനും ധൈര്യശാലിയുമായ സൈന്യാധിപന്‍’ എന്നാണ് കിം ജോങ് ഉന്നിന്റെ ഫോട്ടോയ്ക്ക്‌ കീഴില്‍ സ്‌റ്റേറ്റ് മീഡിയ അടിക്കുറിപ്പായി നല്‍കിയത്.

കട്ടി കോട്ട് ധരിച്ച് കൊണ്ട് 9000 അടി ഉയരത്തിലുള്ള പര്‍വ്വതത്തിലേക്ക് കനത്ത മഞ്ഞിനെ അവഗണിച്ച് കിം നടന്നു കയറി.

കിം പര്‍വ്വതത്തിലേക്ക് കയറിയപ്പോൾ ഹിമപാതം നിലച്ച് പ്രകൃതി സാധാരണ കാലാവസ്ഥയിലേക്ക് വഴിമാറുകയായിരുന്നു എന്നാണ് പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവ് കിം ജോങ് ഉന്നിനിന് ഉണ്ടെന്ന് സ്ഥാപിക്കാൻ സ്‌റ്റേറ്റ് മീഡിയ ഉയര്‍ത്തി കാട്ടുന്ന വാദം.

Top