കൊറോണ അതിര്‍ത്തി കടന്നാല്‍ ‘വിവരമറിയും’! മുന്നറിയിപ്പുമായി കിം ജോങ് ഉന്‍

കൊറോണാവൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് നോര്‍ത്ത് കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍. പകര്‍ച്ചവ്യാധി രാജ്യത്തേക്ക് പടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭരണപക്ഷ പാര്‍ട്ടി യോഗത്തില്‍ രാജ്യത്തെ പകര്‍ച്ചവ്യാധി പ്രതിരോധ കേന്ദ്രത്തോട് സ്‌ക്രീനിംഗും, പരിശോധനകളും കൂടുതല്‍ ശക്തമാക്കാന്‍ കിം ജോംഗ് ഉന്‍ നിര്‍ദ്ദേശം നല്‍കി.

പടര്‍ന്നുപിടിക്കുന്ന വൈറസ് അതിര്‍ത്തി കടന്ന് എത്തിച്ചേരാനുള്ള എല്ലാ വഴികളും അടച്ചിടാനും സ്വേച്ഛാധിപതി ആവശ്യപ്പെട്ടതായി പ്യോംഗ്‌യാംഗിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. പ്രതിരോധ കേന്ദ്രം ആവശ്യപ്പെടുന്ന ക്വാറന്റൈന്‍ ഏത് വിധേനയും അനുസരിക്കണമെന്ന് കിം കൂട്ടിച്ചേര്‍ത്തു. കബളിപ്പിക്കുന്ന വൈറസിന് എതിരെ ശക്തമായ പ്രതിരോധം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

അതിര്‍ത്തി കടന്ന് നോര്‍ത്ത് കൊറിയയിലേക്ക് വൈറസ് എത്തിച്ചേര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തില്‍ കിം വ്യക്തമാക്കിയത്. സൗത്ത് കൊറിയയില്‍ വെള്ളിയാഴ്ച പുതിയ 594 കൊറോണാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 2931 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

സൗത്ത് കൊറിയയില്‍ ഇതുവരെ 13 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നോര്‍ത്ത കൊറിയയില്‍ വൈറസ് ബാധ ഇതുവരെ ഫിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുറമെ നിന്നുള്ള പ്രവേശനം പൂര്‍ണ്ണമായി തടഞ്ഞാണ് നോര്‍ത്ത് കൊറിയ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. മെഡിക്കല്‍ ശേഖരം ലഭ്യമല്ലാത്തതും, മോശമായ ആരോഗ്യ മേഖലയുമുള്ള ഈ രാജ്യത്ത് പകര്‍ച്ചവ്യാധി എത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ ഏറെ ബുദ്ധിമുട്ടും. ഇതിനകം തന്നെ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ വധിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

Top