ഉത്തരകൊറിയയുടെ വ്യോമാഭ്യാസം; പൗരന്മാർക്ക് മുന്നറിയിപ്പുമായി ജപ്പാനും ദക്ഷിണ കൊറിയയും

ത്തര കൊറിയ വീണ്ടും മിസൈല്‍ തൊടുത്തതോടെ കൊറിയൻ അതിർത്തികളാകെ ആശങ്കയിലാണ്. ഒരു ദീർഘദൂര ബാലിസ്റ്റിക് മിസൈലും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തുവിട്ടത്. തുടർന്ന് ജപ്പാൻ സർക്കാർ വടക്കന്‍ പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകി. ദക്ഷിണ കൊറിയയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്യോങ്‌യാങ്ങിലെ സുനൻ പ്രദേശത്തു നിന്ന് രാവിലെ 7.40ഓടെ കിഴക്കൻ കടലിലേക്ക് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ തൊടുത്തതായി കണ്ടെത്തിയെന്നാണ് ഉത്തര കൊറിയന്‍ സൈന്യം അറിയിച്ചത്. ദക്ഷിണ പ്യോംഗൻ പ്രവിശ്യയിലെ കെച്ചോണിൽ നിന്ന് രാവിലെ 8:39ന് രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടെന്ന് ദക്ഷിണ കൊറിയ പറയുന്നു. ദക്ഷിണ കൊറിയയുടെ സൈന്യം അമേരിക്കയുമായി സഹകരിച്ച് നിരീക്ഷണവും ജാഗ്രതയും ശക്തിപ്പെടുത്തി.

ദക്ഷിണ കൊറിയയും അമേരിക്കയും തങ്ങളുടെ എക്കാലത്തെയും വലിയ സംയുക്ത വ്യോമാഭ്യാസം നടത്തുന്നതിനിടെയാണ് ഉത്തര കൊറിയയുടെ നീക്കം. നൂറുകണക്കിന് യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമാഭ്യാസമാണ് ഇരു രാജ്യങ്ങളും നടത്തുന്നത്.

ഉത്തര കൊറിയ മിസൈല്‍ തൊടുത്തത് ജപ്പാനും സ്ഥിരീകരിച്ചു. മിസൈല്‍ ജപ്പാനു മീതെ കടന്നുപോയെന്നാണ് ആദ്യ ഘട്ടത്തില്‍ പറഞ്ഞത്. എന്നാല്‍ കടലിനു മീതെയാണ് പോയതെന്ന് ജപ്പാന്‍ പ്രതിരോധമന്ത്രി യസുകസു ഹമാദ പിന്നീട് പറഞ്ഞു. പുറത്തിറങ്ങാതെ വീടിനുള്ളിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ അഭയം കണ്ടെത്താന്‍ രാവിലെ എട്ട് മണിയോടെ ജപ്പാന്‍ സര്‍ക്കാര്‍ വടക്കന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Top