മക്കളെ രക്ഷിക്കുന്നതിനിടെ കിം ജോങിന്റെ ചിത്രം എടുത്തില്ല; അമ്മയെ കാത്തിരിക്കുന്നത് ജയില്‍

വീട് അഗ്‌നിയില്‍ അമര്‍ന്നപ്പോള്‍ തന്റെ രണ്ട് മക്കളെ വീട്ടില്‍ നിന്നും രക്ഷിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ആ അമ്മ ചിന്തിച്ചത്. ഇതിനിടെ നോര്‍ത്ത് കൊറിയന്‍ നേതാവിന്റെ ചിത്രം വീട്ടിലെ അഗ്‌നിബാധയില്‍ കത്തിപ്പോയി. ഇതിന്റെ പേരിലാണ് നോര്‍ത്ത് കൊറിയയിലെ ഈ അമ്മ ജയില്‍ശിക്ഷ കാത്തിരിക്കുന്നത്.

ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള നോര്‍ത്ത് ഹാംഗ്യോംഗ് പ്രവിശ്യയിലെ ഓണ്‍സോംഗ് കൗണ്ടിയില്‍ രണ്ട് കുടുംബങ്ങള്‍ താമസിച്ചിരുന്ന വീടിനാണ് തീപിടിച്ചത്. സംഭവത്തില്‍ നോര്‍ത്ത് കൊറിയയുടെ സ്‌റ്റേറ്റ് സുരക്ഷാ മന്ത്രാലയം അന്വേഷണം നടത്തുന്നതില്‍ സ്ത്രീയെ പ്രതിയാക്കിയിട്ടുണ്ട്. വീട്ടില്‍ തീപടരുമ്പോള്‍ രണ്ട് കുടുംബങ്ങളിലെയും രക്ഷിതാക്കള്‍ പുറത്തായിരുന്നു.

വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെയാണ് ഇവര്‍ സ്ഥലത്തേക്ക് കുതിച്ചെത്തിയത്. ഇതിനിടെ തീയില്‍ നോര്‍ത്ത് കൊറിയന്‍ നേതാവ് കിംഗ് ജോംഗ് സംഗിന്റെയും, കിംഗ് ജോംഗ് ഇല്ലിന്റെയും ചിത്രങ്ങള്‍ കത്തിച്ചാമ്പലായി. രാജ്യത്തെ നിയമം അനുസരിച്ച് മുന്‍കാല നേതാക്കളായ ഇവരുടെ ചിത്രങ്ങള്‍ വീടുകളില്‍ നിര്‍ബന്ധമാണ്. ഇത് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരെയും അയയ്ക്കും.

കിം കുടുംബത്തിലെ എല്ലാവരുടെയും ചിത്രങ്ങള്‍ക്ക് യഥാര്‍ത്ഥ മനുഷ്യരുടെ അതേ പരിഗണന നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതില്‍ വീഴ്ച വരുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. തീപിടുത്തത്തില്‍ നിന്നും ചിത്രം രക്ഷിക്കാന്‍ കഴിയാതെ പോയ അമ്മയുടെ മേല്‍ ചുമത്തിയ കുറ്റം തെളിഞ്ഞാല്‍ സുദീര്‍ഘമായ ജയില്‍ശിക്ഷയും, കഠിനമായ ജോലിയുമാണ് ശിക്ഷ.

Top