ഉത്തരകൊറിയയുടെ ഹാക്കര്‍ ആര്‍മി ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരെ കൊള്ളയടിച്ചെന്ന് റിപ്പോര്‍ട്ട്

സിയോള്‍: ഉത്തരകൊറിയയുടെ ഹാക്കര്‍ ആര്‍മി 2021ല്‍ ക്രിപ്‌റ്റോകറന്‍സി പ്ലാറ്റ്‌ഫോമുകളില്‍ ഏഴ് ആക്രമണങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരെ കൊള്ളയടിച്ച് 400 ദശലക്ഷം ഡോളര്‍ ഈ സംഘം കൈക്കലാക്കിയെന്നാണ് ബ്ലോക്ക്‌ചെയിന്‍ ഗവേഷണ സ്ഥാപനമായ ചൈനാലിസിസ് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉത്തര കൊറിയയില്‍ കിം ജോങ് ഉന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഹാക്കര്‍ ആര്‍മിയാണ് ഈ വന്‍ മോഷണം നടത്തിയത്. നിക്ഷേപ സ്ഥാപനങ്ങളെയും കേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ചൈനാലിസിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മോഷണ മൂല്യത്തില്‍ 40% വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കിം ജോങ് ഉന്നിന് തന്റെ രാജ്യത്തെ ഹാക്കര്‍ ആര്‍മിയിലുള്ള വിശ്വാസത്തെ അടിവരയിടുന്നതാണ് ചൈനാലിസിസിന്റെ കണ്ടെത്തല്‍. സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ നേടുന്ന പണം ഉത്തരകൊറിയ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കുന്നതായാണ് അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും വിലയിരുത്തല്‍. അണുബോംബ്, ലോംഗ് റേഞ്ച് മിസൈല്‍ പരീക്ഷണങ്ങള്‍ എന്നിവയെ തുടര്‍ന്ന് ആഗോള ഉപരോധങ്ങളില്‍ വലയുന്ന രാജ്യമാണ് ഉത്തര കൊറിയ.

ചൈനാലിസിസ് പറയുന്ന തുക, യഥാര്‍ത്ഥത്തില്‍ 2020 ലെ ഉത്തര കൊറിയയുടെ സമ്പദ്‌വ്യവസ്ഥയുടെ 1.5 ശതമാനം മാത്രമാണ്. ഉത്തര കൊറിയയുടെ വാര്‍ഷിക സൈനിക ബജറ്റിന്റെ പത്ത് ശതമാനത്തിലധികം വരും. ഉത്തര കൊറിയയുടെ സൈബര്‍ വാര്‍ഫെയര്‍ ഗൈഡന്‍സ് യൂണിറ്റില്‍ 6000 ത്തിലധികം അംഗങ്ങളുണ്ടെന്നാണ് വിവരം. ബ്യൂറോ 121 എന്നൊരു പേര് കൂടി ഈ സംഘത്തിനുണ്ടെന്നും അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top