വീണ്ടും കുതിര സവാരി നടത്തി കിം ജോങ് ഉന്‍; അമേരിക്കയ്ക്കുള്ള ക്രിസ്മസ് ‘സമ്മാനം റെഡി’!

പ്യോങ്യാങ്: അമേരിക്ക പോലും പലപ്പോഴും ഉത്തരകൊറിയയുടെ പ്രവര്‍ത്തികളില്‍ ഭയപ്പെടാറുണ്ട്. അതിന് കാരണവും ഉണ്ട്. യാതൊരു വിവേചക ബുദ്ധിയോ വീണ്ടുവിചാരമോ ഇല്ലാതെയാണ് ഉത്തരകൊറിയ പെരുമാറുക.

ഇപ്പോള്‍ ഇതാ വീണ്ടും ലോക രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തരകൊറിയ. വളരെ സുപ്രധാനമായ ഒരു പരീക്ഷമാണ് രാജ്യം നടത്തിയത് എന്നാണ് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ എന്ത് പരീക്ഷണമാണ് ഇതെന്നോ എന്തായിരിക്കും അതിന്റെ പ്രത്യാഘാതം എന്നോ അവര്‍ പുറത്ത് വിട്ടിട്ടില്ല. ഇത് ആഗോളത്തലത്തില്‍ വന്‍ ഭീതി ഉളവാക്കിയിട്ടുണ്ട്.

എന്നാല്‍ ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട പരീക്ഷണമാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചിരുന്നു. ഈ പരീക്ഷണം ഉത്തരകൊറിയയുടെ തന്ത്രപ്രധാനമേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പീക്തു മലനിരകളില്‍ കുതിരസവാരി നടത്തിയിരുന്നു. എന്തെങ്കിലും സുപ്രധാനമായ തീരുമാനങ്ങളോ നടപടികളോ ഉണ്ടാവുന്നതിന് മുമ്പാണ് കിം ജോങ് ഉന്‍ പീക്തു പര്‍വതനിരകളില്‍ കുതിരസവാരി നടത്താറുള്ളത്.

ഇതിനുപിന്നാലെ അമേരിക്കയ്ക്കുള്ള ക്രിസ്മസ് സമ്മാനം ഉടന്‍ വരുന്നുണ്ടെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭയത്തിലാണ് രാജ്യങ്ങള്‍.

Top