സുരക്ഷ ഉറപ്പു നല്‍കിയാല്‍ ആണവ പദ്ധതിയില്‍ നിന്ന് പിന്മാറാമെന്ന് ഉത്തരകൊറിയ

സോള്‍: ആണവപദ്ധതിയില്‍നിന്ന് പിന്മാറാന്‍ തയ്യാറെന്ന് ഉത്തരകൊറിയ. ദക്ഷിണകൊറിയയില്‍നിന്നുള്ള പ്രത്യേക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഇക്കാര്യം അറിയിച്ചത്.

അടുത്തമാസം പാന്‍മുന്‍ജോമിലെ സമാധാനമേഖലയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജേ ഇന്നുമായി കിം ജോങ് ഉന്‍ ചര്‍ച്ച നടത്തും.

ഒരു പതിറ്റാണ്ടിനുശേഷം ഇതാദ്യമായാകും ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. കൊറിയന്‍ യുദ്ധം അവസാനിച്ചതിന് ഇരുനേതാക്കളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ ബന്ധം പുനഃസ്ഥാപിക്കാനും തീരുമാനമായതായി പ്യോങ്ചാങ് സന്ദര്‍ശനത്തിനുശേഷം ദക്ഷിണകൊറിയന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ചുങ് ഉയി യോങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉത്തരകൊറിയയ്ക്കും ഭരണകൂടത്തിനും സുരക്ഷ ഉറപ്പുനല്‍കിയാല്‍ ആണവപദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും സഹകരണം തുടരുകയാണെങ്കില്‍ പുതിയ മിസൈല്‍ പരീക്ഷണങ്ങളുണ്ടാവില്ലെന്നും കിം ജോങ് ഉന്‍ അറിയിച്ചതായി യോങ് പറഞ്ഞു.

യു.എസുമായി ചര്‍ച്ച നടത്താനും ഉത്തരകൊറിയ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആണവപദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ഉത്തരകൊറിയയുമായി ചര്‍ച്ചയാകാമെന്ന് നേരത്തേ യു.എസ്. പ്രഖ്യാപിച്ചിരുന്നു.

ആണവപദ്ധതിയുടെയും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെയും പേരില്‍ ഉത്തരകൊറിയയ്ക്കുമേല്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ഉപരോധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Top