North Korea: War with US can bring no winners, China says

ബെയ്ജിംഗ്: ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ ഏതുനിമിഷവും യുദ്ധത്തിന് സാധ്യതയെന്ന് ചൈന. യുദ്ധമുണ്ടായാല്‍ ആരും ജയിക്കാത്ത യുദ്ധമായിരിക്കുമിതെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി വ്യക്തമാക്കി.

ഏതുനിമിഷവും യുദ്ധത്തിനുള്ള സാധ്യതയാണുള്ളത്. ഇരുവിഭാഗവും ജാഗ്രതയോടെ വേണം ഈ സന്ദര്‍ഭത്തില്‍ പ്രവൃത്തിക്കാനെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പരസ്പരം പ്രകോപിക്കുന്നതില്‍നിന്നും ഭീഷണിമുഴക്കുന്നതില്‍ നിന്നും അമേരിക്കയും ഉത്തരകൊറിയയും വിട്ടുനില്‍ക്കണം. യുദ്ധത്തിലേക്ക് ഇരുപക്ഷവും നീങ്ങിയാല്‍ ചിന്തിക്കാനും തിരിച്ചുപിടിക്കാനും കഴിയാത്തതരത്തിലുമുള്ള നാശത്തിലാവും കലാശിക്കുകയെന്നും ചൈന മുന്നറിയിപ്പ് നല്‍കുന്നു.

കൊറിയയുടെ തുടര്‍ച്ചയായ ആണവപരീക്ഷണങ്ങളില്‍ അതൃപ്തിയുള്ള അമേരിക്ക സൈനിക നടപടിയിലൂടെ അതിനെ നേരിടാനാണ് ഒരുങ്ങുന്നത്. സിറിയയില്‍ ഐഎസിനെതിരെ എക്കാലത്തെയും വലിയ ആണവേതര ബോംബ് പ്രയോഗിച്ച് ഡോണള്‍ഡ് ട്രംപ് നയം വ്യക്തമാക്കിക്കഴിഞ്ഞു. അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയയുടെ
ഭീഷണി.

ഇരു രാജ്യങ്ങളും സൈനിക വിന്യാസം ശക്തിപ്പെടുത്തിക്കഴിഞ്ഞു.
ചൈനയില്‍ നിന്നും കൊറിയയിലേക്കുള്ള വിമാന സര്‍വീസ് ഇന്ന് മുതല്‍ നിര്‍ത്തലാക്കിയേക്കും.ആറാമത്തെ ആണവ ബോംബ് പരീക്ഷണത്തിനോ മിസൈല്‍ പരീക്ഷണത്തിനോ കൊറിയ ഇന്ന് തന്നെ തുനിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരത്തിലൊരു പ്രകോപനമുണ്ടായാല്‍ യുദ്ധത്തിലേക്കാവും കാര്യങ്ങള്‍ നീങ്ങുക.

Top