കിം ആദ്യമായി മകള്‍ക്കൊപ്പം പൊതുവേദിയില്‍

സോൾ: ലോകത്തിനു മുന്നിൽ ആദ്യമായി മകളോടൊപ്പം പൊതുവേദിയിലെത്തി ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിനു സാക്ഷ്യം വഹിക്കാനാണ് കിം മകൾക്കൊപ്പമെത്തിയത്. സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കുന്ന കിമ്മിന്റെ നടപടി രാഷ്ട്രീയ വൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കി.

ഉത്തര കൊറിയൻ വാർത്താ ഏജൻസിയാണ് കിം മകൾക്കൊപ്പം എത്തുന്ന ചിത്രം പുറത്തുവിട്ടത്. കിം ജോങ് ഉന്നിന്റെ കൈ പിടിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് പുറത്തുവന്നത്. ചടങ്ങിൽ കിമ്മിന്റെ ഭാര്യ റി സോൾ ജുവും പങ്കെടുത്തുവെന്ന് ഉത്തര കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഉത്തര കൊറിയൻ ഭരണം കൈയാളുന്ന കിം കുടുംബത്തിന്റെ നാലാം തലമുറ പ്രതിനിധിയാണ് കിം ജോങ് ഉന്നിന്റെ മകൾ. മകളുമായി കിം പൊതുവേദിയിൽ എത്തിയതിന് പ്രാധാന്യം ഏറെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കിം മകളുമൊത്ത് ആദ്യമായാണ് പൊതു ചടങ്ങിൽ എത്തുന്നതെന്ന് യുഎസ് ആസ്ഥാനമായ സ്റ്റിംസൺ സെന്ററിലെ ഉത്തര കൊറിയൻ വിഷയ വിദഗ്ധൻ മൈക്കൽ മാഡൻ പറഞ്ഞു.

Top