ആണവ പരീക്ഷണം നിര്‍ത്തിവയ്ക്കുകയാണെന്ന് കിം ജോങ് ഉന്‍; അഭിനന്ദിച്ച് ട്രംപ്

kim-jong

പ്യോംഗ്യാംഗ്: ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണ വിക്ഷേപണങ്ങളും തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. എന്നാല്‍, ആണവായുധം പൂര്‍ണമായി ഉപേക്ഷിക്കാനില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തല്‍ക്കാലത്തേക്കു അവസാനിപ്പിച്ചെന്ന പ്രഖ്യാപനത്തിലൂടെ കിം നോട്ടമിടുന്നത് വരാനിരിക്കുന്ന ചര്‍ച്ചകളിലെ മേല്‍ക്കൈ ആണെന്നും സൂചനയുണ്ട്.

ശനിയാഴ്ച മുതല്‍ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തറകള്‍ അടച്ചുപൂട്ടുകയും ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയുമാണെന്നാണ് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് അറിയിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടും കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുമാണ് ആണവപരീക്ഷണം നിര്‍ത്തിവയ്ക്കുന്നതെന്നാണ് ഏജന്‍സി പറയുന്നത്.

യുഎസില്‍ ചെന്നെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് യുഎസിനെ പ്രകോപിപ്പിച്ച ഉത്തരകൊറിയയുടെ മനം മാറ്റം ആവേശത്തോടെയാണ് ഡോണള്‍ഡ് ട്രംപ് വരവേറ്റത്.

‘എല്ലാ ആണവ പരീക്ഷണങ്ങളും തത്കാലത്തേക്കു നിര്‍ത്തിവയ്ക്കാനും പ്രധാന പരീക്ഷണ ശാലകള്‍ അടച്ചിടാനും ഉത്തര കൊറിയ സമ്മതിച്ചിരിക്കുന്നു. അവര്‍ക്കും ലോകത്തിനും നല്ല വാര്‍ത്തയാണിത്. വലിയ പുരോഗമനമാണിത്. നമ്മുടെ ഉച്ചകോടിക്കായി കാത്തിരിക്കുന്നു’ ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.

തകര്‍ന്നു പോയ സമ്പദ് വ്യവസ്ഥ നേരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഉത്തര കൊറിയയുടെ തീരുമാനമെന്നാണു ദക്ഷിണ കൊറിയയും യുഎസും കരുതുന്നത്.

അതേസമയം, അയല്‍ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും മികച്ച രാജ്യാന്തര ബന്ധം വളര്‍ത്തിയെടുക്കാനും രാജ്യം ആഗ്രഹിക്കുന്നതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി വ്യക്തമാക്കി. ഇതിനിടെ, ഉത്തരദക്ഷിണ കൊറിയകളുടെ ഉച്ചകോടിക്കു മുന്നോടിയായി ചരിത്രത്തിലാദ്യമായി നേതാക്കള്‍ തമ്മില്‍ ഹോട്ട്ലൈന്‍ ബന്ധം നിലവില്‍ വന്നു.

Top