വിദ്യാര്‍ത്ഥി മരിച്ച സംഭവം; ഉത്തര കൊറിയ 501 മില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

വാഷിങ്ടണ്‍: ഉത്തര കൊറിയയില്‍ തടവില്‍ കഴിയുന്നതിനിടെ അമേരിക്കന്‍ വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ 501 മില്യണ്‍ ഡോളര്‍ (3513 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ കോടതി ഉത്തരവ്. ഓട്ടോ വാംബിയര്‍ എന്ന 22കാരന്‍ ഉത്തരകൊറിയയില്‍ തടവില്‍ കഴിയുന്നതിനിടെ കോമയിലാവുകയും പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഉത്തര കൊറിയ നഷ്ടപരിഹാരം നല്‍കണമെന്നാണ് വാഷിങ്ടണ്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടത്.

ഓട്ടോ വാംബിയറിനെ തടവിലാക്കിയതിനും മര്‍ദിച്ചവശനാക്കിയതിനും പിന്നില്‍ ഉത്തര കൊറിയയാണെന്ന് കോടതി വിലയിരുത്തി. ഉത്തര കൊറിയയാണ് മകന്റെ മരണത്തിന് ഉത്തരവാദിയെന്ന് വാംബിയറുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു. ഇതോടെയാണ് കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.

ഹോങ്കോങിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര കൊറിയ സന്ദര്‍ശിക്കാനെത്തിയ ഓട്ടോ വാംബിയറിനെ 2016 ലാണ് മോഷണക്കുറ്റം ആരോപിച്ച് പോലീസ് പിടികൂടിയത്. ഒരു ഹോട്ടലില്‍നിന്ന് കിം ജോങ് ഉന്നിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തുടര്‍ന്ന് വാംബിയറിനെ 15 വര്‍ഷം തടവിനും ശിക്ഷിച്ചു.

ജയിലില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കകം യുവാവിന് ഭക്ഷ്യവിഷ ബാധയേറ്റെന്നും ഇതിനെതുടര്‍ന്നാണ് വാംബിയറിന്റെ ആരോഗ്യനില മോശമായതെന്നുമായിരുന്നു ഉത്തര കൊറിയയുടെ വിശദീകരണം. എന്നാല്‍ ജയിലിലെ ക്രൂരമര്‍ദനമാണ് മകന്റെ ആരോഗ്യനില ഗുരുതരമാകാന്‍ കാരണമെന്ന് വാംബിയറുടെ മാതാപിതാക്കളും ആരോപിച്ചു. ഇതിനിടെ അതീവഗുരുതരാവസ്ഥയിലായ യുവാവിന് 2017 ജൂണില്‍ ഉത്തര കൊറിയ ജയില്‍ മോചിതനാക്കി. കോമയിലായ നിലയില്‍ അമേരിക്കയില്‍ തിരിച്ചെത്തിയെങ്കിലും ആറുദിവസത്തിനുശേഷം യുവാവ് മരണപ്പെടുകയായിരുന്നു.

Top