കൊറിയന്‍ യുദ്ധം വേര്‍പിരിച്ച പ്രിയപ്പെട്ടവരെ കാണാന്‍ അവസരമൊരുങ്ങുന്നു

സൗത്ത് കൊറിയ : കൊറിയന്‍ യുദ്ധം വേര്‍പിരിച്ച കുടുംബങ്ങളെ ഒന്നിപ്പിക്കാനൊരുങ്ങി ഇരു കൊറിയകളും. കുടുംബങ്ങളുടെ പുന: സമാഗമം ഒരുക്കാനും കൊറിയകള്‍ തമ്മില്‍ ധാരണയായി. ആഗസ്ത് 20 മുതല്‍ 26 വരെ ഉത്തര കൊറിയയിലാണ് ചടങ്ങ് നടക്കുന്നത്.

കൊറിയന്‍ യുദ്ധത്തിലൂടെ വിഭജിക്കപ്പെട്ട കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിലൂടെ മറ്റൊരു ചരിത്രം രചിക്കാനൊരുങ്ങുകയാണ് ഇരു കൊറിയകളും. ആയിരക്കണക്കിന് കുടുംബങ്ങളാണ് യുദ്ധത്തിലൂടെ വേര്‍പിരിക്കപ്പെട്ട് ഇരു രാജ്യങ്ങളിലുമായി സങ്കടത്തോടെ കഴിയുന്നത്.

korea-2

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മില്‍ നടന്ന ഉച്ചകോടിക്ക് തുടര്‍ച്ചയായി നടന്ന ഉന്നതതല ചര്‍ച്ചയിലാണ് ഇരു രാജ്യത്തെയും ജനങ്ങള്‍ക്ക് സന്തോഷം പകരുന്ന പുതിയ തീരുമാനം കൈക്കൊണ്ടത്. കടുത്ത ശത്രുക്കളായിരുന്ന ഇരു കൊറിയകളും തമ്മില്‍ പരസ്പരം സഹകരിച്ച് നീങ്ങുമെന്ന് ഉച്ചകോടിയില്‍ ഇരു രാഷ്ട്ര നേതാക്കളും പ്രഖ്യാപിച്ചിരുന്നു.

korea-3

ആഗസ്ത് 20 മുതല്‍ 26 വരെയാണ് കുടുംബങ്ങളുടെ പുനസമാഗമം നിശ്ചയിച്ചിരിക്കുന്നത്. കുടുംബ സമാഗമത്തില്‍ 80 – 90 വയസ്സുള്ളവര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് സൗത്ത് കൊറിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സംയുക്ത പ്രസ്താവനയിലാണ് തീരുമാനം അറിയിച്ചത്.

ഉത്തര കൊറിയയിലെ മൌണ്ട് കുംഗാങില്‍ നടക്കുന്ന പുനസമാഗമത്തില്‍ ഇരു ഭാഗത്ത് നിന്നുമായി നൂറ് കുടുംബങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. 2015 ലാണ് ഇത്തരത്തില്‍ അവസാനമായി കുടുംബങ്ങളുടെ പുനസമാഗമം നടന്നത്. അതിര്‍ത്തി കടന്നുപോകാനും കത്തുകള്‍ കൈമാറാനും സാധിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

korea-4

2015 ഒക്ടോബറില്‍ നോര്‍ത്ത കൊറിയയിലെ ഡയമണ്ട് മൗണ്ടനില്‍ നടന്ന സമാഗമത്തില്‍ ബന്ധുക്കളെ കണ്ടതിന്റെ സന്തോഷത്തില്‍ കരയുകയായിരുന്നു എല്ലാവരും. അന്ന് സമാഗമത്തില്‍ കണ്ടുമുട്ടിയവര്‍ എല്ലാവരും തന്നെ ജീവിച്ചിരിപ്പില്ല. നേരത്തെ കണ്ടുമുട്ടിയവരെ പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്.

Top