ലോകം ആകാംഷയോടെ; സമാധാന പ്രതീക്ഷയില്‍ കൊറിയന്‍ ഉച്ചകോടി ആരംഭിച്ചു

KOREAN-SUMMIT

സോള്‍: സമാധാന പ്രതീക്ഷകള്‍ നല്‍കി ഉത്തരദക്ഷിണകൊറിയന്‍ ഉച്ചകോടി ആരംഭിച്ചു. ഇരുകൊറിയകളുടെ അതിര്‍ത്തിയിലെ സൈനിക രഹിത മേഖലയില്‍ നടക്കുന്ന ഉത്തര-ദക്ഷിണ കൊറിയന്‍ രാജ്യത്തലവന്മാരുടെ ഉച്ചകോടിയെ ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഉച്ചകോടിക്കായി ഇരു രാജ്യങ്ങളിലെ ഭരണാധികാരികളും അതിര്‍ത്തിഗ്രാമമായ പാന്‍മുന്‍ജോമില്‍ എത്തിയിരുന്നു. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ഹസ്തദാനം ചെയ്താണ് സ്വീകരിച്ചത്.

ഇരു കൊറിയകളേയും വേര്‍തിരിക്കുന്ന ഡീ മിലിറട്ടറൈസ്ഡ് സോണില്‍ എത്തിയ കിങ് ജോങ് ഉന്‍ അതിര്‍ത്തി മുറിച്ചുകടന്ന് മൂണ്‍ ജെ ഉന്നിനെ സ്വീകരിച്ചത്. സമാധാന മേഖലയായ പാന്‍മുന്‍ജോമിലാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്. രാവിലെ 9.30നാണ് ഉച്ചകോടി ആരംഭിക്കുക. 1953ല്‍ കൊറിയന്‍യുദ്ധം അവസാനിച്ചതിനുശേഷം ദക്ഷിണകൊറിയയുടെ മണ്ണില്‍ കാലുകുത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയാവുകയാണ് കിം ജോങ് ഉന്‍. നീണ്ട ഒരു ദശാബ്ദത്തിനു ശേഷമാണ് ഇരുരാജ്യങ്ങളിലെയും തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത്.

ഏത് സമയവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന പ്രതീതിയായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ. എന്നാല്‍ ലോകത്തെയാകെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറായത്. ആണവായുധം ഉപേക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകുമോയെന്നാണ് ലോകം കാത്തിരിക്കുന്നത്. 1953 ലെ കൊറിയന്‍ ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും സമാധാനക്കരാറില്‍ ഒപ്പുവെയ്ക്കാത്തതിനാല്‍ സാങ്കേതികമായി രണ്ട് രാജ്യങ്ങളും യുദ്ധാവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും.

Top