അമേരിക്കയുടെ ‘കണ്ണില്‍’കുത്തി വീണ്ടും . . ഉത്തര കൊറിയ, ‘ഉപഹാരങ്ങള്‍’ ഇനിയും കിട്ടും

ജനീവ: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആണവ പരീക്ഷണത്തിനെതിരെ അമേരിക്കന്‍ സഖ്യകക്ഷികള്‍ ആക്രമണത്തിന് തയ്യാറെടുക്കുമ്പോഴും വീണ്ടും വെല്ലുവിളിച്ച് ഉത്തര കൊറിയ.

ആണവ പരീക്ഷണത്തെ യു.എസിനുള്ള ഉപഹാരം എന്ന് വിശേഷിപ്പിച്ച യു.എന്‍ പ്രതിനിധി ഹാന്‍ തയി സോങ്ങ് ഇത്തരം ഉപഹാരങ്ങള്‍ തുടര്‍ന്നും അമേരിക്കക്ക് നല്‍കുമെന്ന് മുന്നറിയിപ്പു നല്‍കി.

യുഎന്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കടുത്ത നിലപാടുമായി ഉത്തര കൊറിയയുടെ പ്രതിനിധി രംഗത്തെത്തിയത്.

ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ച വിവരവും അദ്ദേഹം യോഗത്തില്‍ സ്ഥിരീകരിച്ചു. ”രണ്ടു ദിവസം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ സെപ്റ്റംബര്‍ മൂന്നിന്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഉപയോഗിക്കാന്‍ ഉതകുന്ന ഹൈഡ്രജന്‍ ബോംബ് ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചു എന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. തന്ത്രപരമായ ഒരു ആണവ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരീക്ഷണം” – ഹാന്‍ തയി സോങ് പറഞ്ഞു.

”വിവിധ കോണുകളില്‍ നിന്നുയരുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്വയരക്ഷയുടെ ഭാഗമായി എന്റെ രാജ്യം നടത്തിയ ഈ പരീക്ഷണം, അമേരിക്കയെ ലക്ഷ്യമിട്ടുള്ള ഒരു ‘ഉപഹാരം’ കൂടിയാണ്. ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കാനും പ്രകോപിപ്പിക്കാനും അവര്‍ ശ്രമിക്കുന്നിടത്തോളം കാലം ഇത്തരം ‘ഉപഹാര’ങ്ങള്‍ അവരെ തേടിയെത്തും എന്നുകൂടി അറിയിക്കട്ടെ.” – ഹാന്‍ പറഞ്ഞു.

എന്റെ രാജ്യത്തെ ഒറ്റപ്പെടുത്താനും ആണവാക്രമണ ഭീഷണിയിലൂടെ ഞെരുക്കാനും പതിറ്റാണ്ടുകളായി അമേരിക്ക നടത്തി വരുന്ന ശ്രമങ്ങളോടുള്ള പ്രതികരണമാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണമെന്നും, ഇത്തരം ഭീഷണികള്‍ നേരിടുന്നതിനുള്ള ആത്മരക്ഷാപരമായ നടപടിയായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപരോധങ്ങളിലൂടെയും സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെയും തന്റെ രാജ്യത്തെ ഒറ്റപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും ഹാന്‍ വെല്ലുവിളിച്ചു. തങ്ങളുടെ ആണവ സാങ്കേതിക വിദ്യയും ആണവ കരുത്തും ഒരു കാരണവശാലും ആര്‍ക്കും അടിയറവു വയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top