അമേരിക്കയെ ലക്ഷ്യമിട്ട് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഉത്തര കൊറിയ

kim-jong

സോള്‍ : അമേരിക്കയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ തയാറെടുക്കുന്നു.

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത നാവികാഭ്യാസ പ്രകടനം നടത്തുന്നതിനോടുള്ള പ്രതിഷേധമായാണ് മിസൈല്‍ പരീക്ഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത ആഴ്ചത്തെ ദക്ഷിണ കൊറിയ– അമേരിക്ക സൈനികാഭ്യാസത്തില്‍ വിമാനവേധ കപ്പലുകള്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞദിവസം അമേരിക്കന്‍ നേവി അറിയിച്ചിരുന്നു.

കൊറിയയിലെ പ്രമുഖ മാധ്യമം ഈസ്റ്റ് ഏഷ്യ ഡെയ്‌ലി (ദ് ഡോങ് എ ഇല്‍ബോ) ആണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോഞ്ചറുകളില്‍ കയറ്റി ബാലിസ്റ്റിക് മിസൈല്‍ പോങ്ങ്യാങ്ങില്‍നിന്നു കൊണ്ടുപോകുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്ക വരെ എത്തുന്ന മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചേക്കുമെന്നാണ് അമേരിക്ക– ദക്ഷിണ കൊറിയ സൈനിക ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

ഹ്വാസോങ്–14 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം), ഹ്വാസോങ്–12 മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ എന്നിവയാണ് യുഎസിനെ ഭീഷണിപ്പെടുത്താന്‍ ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഹ്വാസോങ്–14ന് യുഎസിലെ അലാസ്‌ക വരെ ദൂരപരിധിയുണ്ട്. ഹ്വാസോങ്–12 യുഎസ് പസിഫിക് കേന്ദ്രമായ ഗുവാം ദ്വീപിനെ ലക്ഷ്യമിട്ടിട്ടുണ്ടെന്നുമാണ് പറയുന്നത്. ഇവ കൂടാതെ പുതിയ ഹ്വാസോങ്–13 ഐസിബിഎം പരീക്ഷിക്കാനും സാധ്യതയുണ്ട്.

വിലക്കുകള്‍ ലംഘിച്ച് ഉത്തരകൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നതിനു മുന്നറിയിപ്പെന്നോണം രണ്ടു അമേരിക്കന്‍ ബി–1ബി ബോംബര്‍ വിമാനങ്ങള്‍ മേഖലയില്‍ നിരീക്ഷണം നടത്തിയിരുന്നു.

ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമസേനയോടൊപ്പം ഇവ അഭ്യാസങ്ങളും നടത്തി. ഇതിനുള്ള മറുപടി കൂടിയാണ് മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ നല്‍കുക എന്നാണ് നയതന്ത്ര വിദഗ്ധര്‍ പറയുന്നത്.

Top