ഉത്തര കൊറിയ ഇപ്പോഴും ആണവ സമ്പുഷ്ടീകരണം നടത്തുന്നുവെന്ന് അമേരിക്ക. . .

ഉത്തര കൊറിയ: ഉത്തര കൊറിയ ഇപ്പോഴും ആണവ സമ്പുഷ്ടീകരണം നടത്തുന്നുവെന്ന ആരോപണവുമായി അമേരിക്കന്‍ മാധ്യമമായ എന്‍ബിസി. പന്ത്രണ്ടിലധികം യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് എന്‍ബിസിയുടെ റിപ്പോര്‍ട്ട്.

ഉത്തരകൊറിയ ഇപ്പോഴും ആണവ സമ്പുഷ്ടീകരണം നടത്തുന്നതായി അമേരിക്കയിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നുവെന്നാണ് എന്‍ ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വഞ്ചിക്കുകയാണ് കിം ജോങ് ഉന്‍ എന്നാണ് എന്‍ബിസി ന്യൂസ് പറയുന്നത്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇനിയൊരു ആണവ ഭീഷണിയില്ല എന്ന് ട്രംപ് നടത്തിയ പ്രഖ്യാപനം ശരിയല്ല. സിംഗപ്പൂര്‍ ഉച്ചകോടി വിജയകരമായിരുന്നു എന്ന് പറയാനും കഴിയില്ല. പ്യോങ്യാങ്ങില്‍ ഇപ്പോഴും ആണവായുധം നിര്‍മിക്കുന്നുണ്ട്. ഉത്പാദനം നിര്‍ത്തിയെന്നതിന് ഒരു തെളിവുമില്ലെന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

സിംഗപ്പൂര്‍ ഉച്ചകോടിക്ക് മുന്‍പായി ഉത്തര കൊറിയ നശിപ്പിച്ച യോങ്‌ബ്യോണ്‍ ആണവകേന്ദ്രത്തിന് പുറമെ മറ്റൊരു രഹസ്യ കേന്ദ്രം കൂടി ഉത്തര കൊറിയക്കുണ്ടെന്നും ആരോപണമുണ്ട്.

എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടിനോട് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല. ജൂലൈ ആദ്യം ഉത്തര കൊറിയ സന്ദര്‍ശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിട്ടുണ്ട്. ആണവ നിരായുധീകരണത്തില്‍ ഉത്തര കൊറിയയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിലും വ്യക്തമായ നിലപാട് രൂപീകരിക്കുന്നതിനുമാണ് സന്ദര്‍ശനം. എന്നാല്‍ കഴിഞ്ഞ ഏഴ് മാസത്തിനിടക്ക് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങളോ മിസൈല്‍ പരീക്ഷണങ്ങളോ നടത്തിയിട്ടില്ല.

Top