പ്യോങ് യാങ്: ഉത്തരകൊറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം യുഎസ് രഹസ്യാനേഷണ ഏജന്‍സികളാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇപ്പോഴും ആണവപരീക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ ഉത്തരകൊറിയ ഏര്‍പ്പെടുന്നുണ്ടെന്നും ഇത് ലോകത്തിന് തന്നെ ഭീഷണിയായിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാഷ്ട്രീയമായി ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന റിപ്പോര്‍ട്ട് കൂടിയാണ്.
കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ കടുത്ത നടപടി ഇതുവഴി ഉണ്ടാവുമെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കരാറിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഉത്തരകൊറിയയില്‍ പലകാര്യങ്ങളും രഹസ്യമായി നടക്കുന്നുണ്ടെന്നാണ് ഈ സൂചനയില്‍ നിന്ന് വ്യക്തമാകുന്നത്.
ഉത്തരകൊറിയക്കെതിരെ ഉപരോധം സംബന്ധിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വിദഗ്ദ സമിതി പഠിച്ച് സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. യുഎസ് സുരക്ഷാ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ മുഴുവന്‍ കിം ജോങ് ഉന്‍ കാറ്റില്‍പ്പറത്തിയെന്നാണ് റിപ്പോര്‍ട്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനധികൃത കടത്ത് ആശങ്കപ്പെടുത്തുന്നതാണ്. ഈ വര്‍ഷം കടല്‍ മാര്‍ഗമുള്ള കല്‍ക്കരിയുടെ അനധികൃത കയറ്റുമതിയും വന്‍തോതിലാണ് വര്‍ധിച്ചത്. ഇത്രയേറെ ഗുരുതരമായ കാര്യങ്ങളാണ് ഉത്തരകൊറിയയില്‍ നിന്ന് ഉണ്ടായത്. വിദേശരാജ്യങ്ങളുമായി സഹകരണം അവരുടെ ഇഷ്ടപ്രകാരം നടത്താനാണ് കിം ജോങ് ഉന്‍ ശ്രമിക്കുന്നതെന്ന് യുഎന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉത്തരകൊറിയയുടെ ആണവനിരായുധീകരണം പൂര്‍ണമായി നടപ്പിലാക്കുന്നത് വൈകുമെന്ന് പറഞ്ഞിരുന്നു. കിം ജോങ് ഉന്‍ ഭരണകൂടത്തിനെതിരെ നയതന്ത്ര തലത്തിലും സാമ്പത്തിക മേഖലയിലുമുള്ള സമ്മര്‍ദം തുടരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം റഷ്യ ഉത്തരകൊറിയക്കാര്‍ക്ക് സ്വന്തം മണ്ണില്‍ കൂടുതല്‍ അവസരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് യുഎസിന്റെ ഉപരോധത്തെ തള്ളിയിട്ടാണ്. ഗൗരവമേറിയ വിഷയത്തെ റഷ്യ അതിന്റെ രീതിയില്‍ സമീപിക്കണമെന്നും പോംപിയോ പറഞ്ഞു. ഇക്കാര്യത്തില്‍ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവനിരായുധീകരണത്തിന് ഇരുരാജ്യങ്ങളും ഒന്നിച്ചുനീങ്ങുമെന്ന് ഇരുവരും തമ്മില്‍ ജൂണില്‍ സിംഗപ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയിരുന്നു. ഉത്തരകൊറിയക്കെതിരെ യു.എന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാനാണ് വിദഗ്ധ സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.